ഗാസിയാബാദ്: ആഡംബര കാറുകളും ദശലക്ഷക്കണക്കിന് ആരാധകരുമായി തിളങ്ങിനിന്ന പ്രശസ്ത മോട്ടോ വ്ലോഗറും ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ അനുരാഗ് ഡോഭാല്‍ (UK07 റൈഡര്‍) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില് വെച്ച് തന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ അതിവേഗതയില്‍ മീഡിയനിലേക്ക് ഇടിപ്പിച്ചു കയറ്റുകയായിരുന്നു.
|
ഇന്‍സ്റ്റാഗ്രാം ലൈവിനിടെ അന്ത്യയാത്ര
കാര്‍ ഓടിക്കുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വരികയും വികാരാധീനനായി സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം ഈ കടുംകൈ ചെയ്തത്.
‘അടുത്ത ജന്മത്തില് എങ്കിലും എനിക്ക് സ്നേഹം നല്‍കണം അമ്മേ, എനിക്ക് സ്നേഹം അത്യാവശ്യമായിരുന്നു’ എന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നത് വീഡിയോയില്‍ കാണാം.
അവസാന നിമിഷം
വാഹനത്തിന്റെ സ്പീഡോമീറ്ററില്‍ വേഗത 150 കിലോമീറ്ററിലധികം കാണിക്കുമ്പോള്‍, ‘ഇതൊരു അവസാന ഡ്രൈവ് ആകട്ടെ’ എന്ന് പറഞ്ഞ് അദ്ദേഹം സ്റ്റിയറിംഗ് വെട്ടിക്കുകയും ബാരിക്കേഡുകളിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നു.
ഏകദേശം 82,000 പേര് ഈ തത്സമയ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.
കുടുംബപ്രശ്നങ്ങളും പീഡനാരോപണവും
അപകടത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട വീഡിയോയില്‍ താന്‍ നേരിടുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് അനുരാഗ് സംസാരിച്ചിരുന്നു.
മറ്റൊരു ജാതിയിലുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വീട്ടില്‍ താമസിപ്പിക്കാന്‍ വിസമ്മതിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബന്ധുക്കളുടെ മുന്പില് വെച്ച് മാപ്പുപറയിച്ചതായും കാലുപിടിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തന്റെ മരണത്തിന് ഉത്തരവാദികള്‍ വീട്ടുകാരായിരിക്കുമെന്നും അദ്ദേഹം ആ വീഡിയോയില്‍ പറഞ്ഞിരുന്നു.
വീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ തന്റെ ഭാര്യ റിതികയും തന്നെ വിട്ടുപോയതായി അനുരാഗ് പറഞ്ഞു.
നിലവില്‍ മീററ്റിലെ സുഭാര്‍തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അനുരാഗ് ഡോഭാലിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.





