21
Sep 2024
Fri
21 Sep 2024 Fri
1 billion and counting cristiano ronaldo makes social media history

1 BILLION followers for CR7: സോഷ്യല്‍ മീഡിയയിലും രാജാവ്; 100 കോടി ഫോളോവേഴ്‌സും കടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

റിയാദ്: തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കളിക്കളത്തില്‍ പുതിയ ചരിത്രങ്ങള്‍ കുറിക്കുന്ന ക്രിസ്റ്റ്യാനോ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ 100 കോടി ഫോളോവേഴ്‌സും കടന്നിരിക്കുകയാണ്.

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമായി 1 ബില്ല്യണ്‍ (100 കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. ഫേസ്ബുക്കില്‍ 170 ദശലക്ഷം, എക്‌സില്‍ (ട്വിറ്റര്‍) 113 ദശലക്ഷം, ഇന്‍സ്റ്റാഗ്രാമില്‍ 63.8 കോടി, അടുത്തിടെ ആരംഭിച്ച യൂട്യൂബ് ചാനലില്‍ 6.5 കോടി സബ്‌സ്‌ക്രൈബേഴ്‌സ് എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്ന ആള്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിച്ചത്.

‘നൂറ് കോടി സ്വപ്‌നങ്ങള്‍, ഒരു യാത്ര’ എന്നാണ് താരം 100 കോടി ഫോളോവേഴ്‌സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദിയുണ്ട്. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.. നമ്മള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യുമെന്നും ക്രിസ്റ്റ്യാനോ കുറിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ലോകത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനത്തോളം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുവെന്നാണ് കണക്ക്. ഇവകൂടാതെ ചൈനീസ് പ്ലാറ്റ്‌ഫോമുകളായ വെയ്‌ബോയിലും കുഐഷൂവിലും താരത്തിന് മോശമല്ലാത്ത ഫോളോവേഴ്‌സുണ്ട്.

കഴിഞ്ഞമാസം 21നാണ് താരം യൂട്യൂബിലേക്ക് ചുവടുവച്ചത്. ചാനല്‍ ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ ഒരുമില്യണ്‍ (പത്ത് ലക്ഷം) ആളുകള്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് പുതിയ റെക്കോര്‍ഡിട്ടിരുന്നു. ഇതോടെ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനലായി ക്രിസ്റ്റിയാനോയുടെത് മാറി. 24 മണിക്കൂറിനുള്ളില്‍ ഇത് ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സായി. യൂട്യൂബിന്റെ സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് പ്ലേ ബട്ടണുകള്‍ അതിവേഗമാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് താരം രാജ്യാന്തര മത്സരങ്ങളില്‍ 900 ഗോള്‍ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

1 billion and counting cristiano ronaldo makes social media history