29
Oct 2026
Thu
29 Oct 2026 Thu

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കിടെ ഭക്ഷണത്തില്‍ പുഴു ഉണ്ടെന്ന് ആരോപിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ അധ്യാപകന്‍ ജിജോ ജെയിം ആണ് അറസ്റ്റിലായത്. അധ്യാപകനെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കായിക മേളയ്ക്കിടെ കലാമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് എഫ്‌ഐആര്‍. ഇന്നലെ രാവിലെ ആയിരുന്നു ഭക്ഷണത്തില്‍ പുഴു എന്ന ആരോപണം വ്യാജമായി ഉയര്‍ത്തിയത്. അധ്യാപകനെതിരേ കോഴിക്കോട് കുന്നമംഗലം പോലീസ് രണ്ട് കേസുകളാണ് ചുമത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷണം വാങ്ങി ടേബിളില്‍ എത്തിയ ശേഷമാണ് അധ്യാപകന്‍ ആരോപണവുമായി രംഗത്തെത്തിയത്. അതിന്റെ ഫോട്ടോ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവ് നല്‍കാനായിരുന്നു ശ്രമം. ഇത് സംഘാടകരുടെ ശ്രദ്ധയില്‍ പെട്ടതോടെ അവിടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ഇയാളെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.

എന്നാല്‍ വൈകുന്നേരത്തോടെ താന്‍ പുഴുവിനെ വ്യക്തമായി കണ്ടിട്ടില്ലെന്നും സംശയം തോന്നിയത് മാത്രമാണെന്നും അധ്യാപകൻ തന്നെ മൊഴി മാറ്റുകയും തിരുത്തിപ്പറയുകയും ചെയ്തു. ആളുകൂടിയതോടെ പ്രശ്‌നം വഷളാകുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും മന്ത്രി എന്‍. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. മേളയിലെ ഭക്ഷണവിതരണത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖ പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും ഈ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഭക്ഷണം പാകം ചെയ്യുന്ന സമയത്തുള്ള പുഴുവെങ്കില്‍ അത് പാചകവേളയില്‍ അലിഞ്ഞുപോയ രൂപത്തിലാകുമെന്നും, ബോധപൂർവ്വം ആരെങ്കിലും ചെയ്തതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മേളയുടെ പ്രതിച്ഛട തകര്‍ക്കാനും മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. അറസ്റ്റിലായ അധ്യാപകനെതിരെ കർശനമായ വകുപ്പുതല നടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Kerala School Sports Meet Food Worm Controversy, Jijo James Perumbavoor Teacher Arrested, Pazhayidam Mohanan Namboothiri Food Controversy, Kozhikode Kunnamangalam Police Case, Kerala News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക