|
ബ്യൂണസ് ഐറിസ്: കുറസാവോയ്ക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഏഴ് ഗോളിന്റെ വമ്പന്‍ ജയം. മല്‍സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്ക് നേടി. അര്‍ജന്റീന്‍ ജേഴ്സിയില്‍ 100 ഗോള്‍ പൂര്‍ത്തിയാക്കാനും മെസിക്കായി. മത്സരം തുടങ്ങി 37 മിനിറ്റുകള്‍ക്കിടെ മെസി ഹാട്രിക് നേടി. നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, എയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോന്റീല്‍ എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. ആദ്യപകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്.
ഇന്ന് പുലര്‍ച്ചെ നടന്ന യൂറോ കപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ സ്‌പെയിനിന് ഞെട്ടിക്കുന്ന തോല്‍വി. സ്‌കോട്ട്‌ലന്റ് എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്‌പെയിനിനെ വീഴ്ത്തിയത്. മറ്റൊരു മല്‍സരത്തില്‍ ക്രൊയേഷ്യ തുര്‍ക്കിയെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. ലാത്വിയയെ വെയ്ല്‍സ് ഒരു ഗോളിനും ഇസ്രായേലിനെ സ്വിറ്റ്‌സര്‍ലന്റ് മൂന്ന് ഗോളിനും വീഴ്ത്തി. മറ്റൊരു അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ജര്‍മ്മനിയെ 3-2ന് ബെല്‍ജിയം പരാജയപ്പെടുത്തി. കരാസ്‌കോ, ലൂക്കാക്കു, കെവിന്‍ ഡി ബ്രൂണി എന്നിവരാണ് ബെല്‍ജിയത്തിനായി സ്‌കോര്‍ ചെയ്തത്.


