05
Oct 2024
Sun
05 Oct 2024 Sun
1800 crore worth drugs seized from Bhopal factory

മധ്യപ്രദേശിലെ ഭോപാലില്‍ വന്‍ മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് നിര്‍മാണ ഫാക്ടറിയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും നടത്തിയ സംയുക്ത റെയ്ഡില്‍ 1800 കോടി രൂപ വിലവരുന്ന മെഫഡ്രോണ്‍(എംഡി) മയക്കുമരുന്ന് പിടിച്ചെടുത്തു. ഈ ഗണത്തിലുള്ള ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2500 ചതുരശ്ര അടിയിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ മുഖ്യപ്രതികളായ സന്യാല്‍ പ്രകാശ് ബാന, അമിത് ചതുര്‍വേദി എന്നിവരെ അറസ്റ്റ് ചെയ്തു. സന്യാല്‍ പ്രകാശ് 2017ലും സമാനകുറ്റത്തിന് അറസ്റ്റിലായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ കേസില്‍ അഞ്ചുവര്‍ഷം ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷമാണ് സന്യാല്‍ പ്രകാശ് ബാനെ അമിത് ചതുര്‍വേദിയുമായി ചേര്‍ന്ന് മയക്കുമരുന്ന് നിര്‍മാണ ഫാക്ടറിക്ക് തുടക്കം കുറിച്ചത്.

ബഗ്രോദ വ്യവസായ മേഖലയില്‍ ഏഴുമാസം മുമ്പാണ് സംഘം ഫാക്ടറി തുടങ്ങിയത്. ദിവസം 25 കിലോഗ്രാം എംഡിയാണ് ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത്. ഫാക്ടറിയില്‍ നിന്ന് 907 കിലോഗ്രാം എംഡിയും ഇവ നിര്‍മിക്കുന്നതിനുള്ള 5000 കിലോഗ്രാം അസംസ്‌കൃത വസ്തുവും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക