21
Mar 2026
Sat
21 Mar 2026 Sat
quran found in Myladuthurai

പതിനാലാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി തമിഴ്‌നാട്ടിലെ മയിലാടുംതുറയ്ക്ക് അടുത്തുള്ള നീദൂര്‍ ഗ്രാമത്തെ ലോക ശ്രദ്ധയിലേക്ക് ആകര്‍ഷിക്കുന്നു. അമീനുള്ള എന്നയാളുടെ കുടുംബം ഏഴ് തലമുറകളായി സൂക്ഷിക്കുന്ന കൊച്ചു ഖുര്‍ആനും അത് സൂക്ഷിച്ചിരിക്കുന്ന അല്‍ഭുത പെട്ടിയുമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. നൂറ്റാണ്ടുകളോളും വിശുദ്ധ പുസ്തകത്തെ കേടുകൂടാതെ സംരക്ഷിച്ചിരിക്കുന്നത് ഏതാണ്ട് 2,600°C താപനിലയെ പോലും അതിജീവിക്കാന്‍ കഴിയുന്ന ഒരു കുഞ്ഞ് പെട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

14 -ാം നൂറ്റാണ്ടിലെ ഗ്രന്ഥം

പൗരാണികമായ ഈ കൊച്ചു ഖുര്‍ആന്‍ കരകൗശല വൈദഗ്ധ്യത്തിന്റെ ഒരു അത്ഭുതമാണ്. വളരെ സങ്കീര്‍ണ്ണമായ മൈക്രോ – കാലിഗ്രാഫി ഉപയോഗിച്ച് അറബിയില്‍ വെറും 19 പേജുകളിലായി 6,676 അധ്യായങ്ങള്‍ ഇതില്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ചേര്‍ത്തിരിക്കുന്നു. അസാധാരണമായ കൃത്യതയും വൈദഗ്ധ്യവും അവകാശപ്പെടാവുന്ന ഗ്രന്ഥം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക വിലയിരുത്തലുകളില്‍ ഈ പുരാവസ്തു പതിനേഴാം നൂറ്റാണ്ടിലേതാണെന്നായിരുന്നു കരുതിയത്. എന്നാല്‍ സമീപകാലത്ത് നടത്തിയ വിശദ പഠനങ്ങള്‍ പ്രകാരം ഇത് പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണെന്ന് തെളിഞ്ഞു.

മണ്ണമ്പണ്ടല്‍ എവിസി കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ പ്രൊഫസര്‍ രാമലിംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ഗവേഷണ സംഘം ലോഹപ്പെട്ടിയുടെ ആഴത്തിലുള്ള ശാസ്ത്രീയ വിശകലനം നടത്തി. സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഇസിആര്‍ഐ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള പഠന സംഘം സാമ്പിളുകള്‍ പരിശോധിച്ചു. പഠന ഫലങ്ങള്‍ ഗവേഷകരെ അത്ഭുതപ്പെടുത്തി.

78 ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മിച്ച പെട്ടി

പുരാതന ഇന്ത്യയിലെ വിപുലമായ അറിവിന്റെയും കരകൗശലത്തിന്റെയും തെളിവായി മാറിയിരിക്കുകയാണ് ഖുര്‍ആന്‍ സൂക്ഷിച്ച കുഞ്ഞ് പെട്ടി. പുരാതനമായ ഖുര്‍ആന്‍ സൂക്ഷിച്ചിരുന്ന ഏകദേശം 1.5 ഇഞ്ച് വീതിയും 1.75 ഇഞ്ച് നീളവുമുള്ള ഒരു ചെറിയ ലോഹപ്പെട്ടി. 78 വ്യത്യസ്ത ലോഹങ്ങളുടെ കൂട്ടായിരുന്നു പെട്ടിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്നതെന്നത് ഗവേഷകരെ അമ്പരപ്പിച്ചു. അതില്‍ 32 ലോഹങ്ങള്‍ ചെറിയ അളവിലും 46 ലോഹങ്ങള്‍ വലിയ അനുപാതത്തിലുമാണ് ചേര്‍ത്തിരിക്കുന്നത്.

ബഹിരാകാശ പേടക സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്ന ചില ആധുനിക സെറാമിക് വസ്തുക്കളേക്കാള്‍ പുരോഗമിച്ചതാണ് ഈ സങ്കീര്‍ണ്ണ ലോഹശാസ്ത്രമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ലോഹകൂട്ടുകളെ കുറിച്ചുള്ള പൗരാണിക അറിവിന്റെ വെളിപ്പെടുത്തല്‍ കൂടിയായി ഇത്. അസാധാരണമായ താപ പ്രതിരോധമാണ് ഈ കുഞ്ഞു പെട്ടിക്കുള്ളത്. ഏതാണ്ട് 2,600 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ വരെ ഈ പെട്ടി പ്രതിരോധിക്കുന്നു. യുറേനിയം, തോറിയം, കൊബാള്‍ട്ട് തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സാന്നിധ്യവും പെട്ടിയിലുണ്ട്. 700 നൂറ്റാണ്ടുകളെ അതിജീവിച്ചിട്ടും പെട്ടിയ്ക്ക് ഒരു തുരുമ്പ് പോലുമില്ലെന്നതും കൗതുകരമാണ്.

സാങ്കേതികവിദ്യ

ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ആധുനിക ബഹിരാകാശ പേടകങ്ങള്‍ കനത്ത സെറാമിക് കോട്ടിംഗുകളെയാണ് ആശ്രയിക്കുന്നതെന്നും ഇത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്നും പ്രൊഫസര്‍ രാമലിംഗം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് വിപരീതമായി, ഈ പുരാതന പെട്ടിയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയ്ക്ക്, ഭാരം കുറഞ്ഞതും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതുമായ ബഹിരാകാശ പേടകങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുന്ന ലോഹകൂട്ട് നിര്‍മ്മിക്കാന്‍ സഹായിക്കുമെന്നും ഇത് ബഹിരാകാശ എഞ്ചിനീയറിംഗില്‍ ഗണ്യമായ നേട്ടങ്ങമുണ്ടാക്കുമെന്നും പ്രൊഫസര്‍ രാമലിംഗം കൂട്ടിച്ചേര്‍ക്കുന്നു.

പെട്ടിയില്‍ ‘നിക്കല്‍ പ്ലേറ്റിംഗ്’ സാങ്കേതികത ഉപയോഗിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഈ രീതി 17, 18 നൂറ്റാണ്ടുകളില്‍ വികസിപ്പിച്ചെടുത്തതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, 14-ാം നൂറ്റാണ്ടില്‍ തന്നെ നിക്കല്‍ പ്ലേറ്റിങ് ഇവിടെ രൂപപ്പെട്ടിരുന്നുവെന്ന് ഈ സംരക്ഷണ പെട്ടി തെളിവ് നല്‍കുന്നു.

ഈ പെട്ടി മനുഷ്യന്റെ ലോഹ ഉപയോഗ ചരിത്രത്തെ കുറിച്ചും അവയുടെ കൂട്ടുകളുടെ സാങ്കേതിക വിദ്യകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്.