21
Oct 2026
Wed
21 Oct 2026 Wed
76 year old woman shoots dead ex husband and lover

അമേരിക്കയിലെ ജോർജിയയിൽ മുൻ ഭർത്താവിനെയും 40കാരിയായ കാമുകിയെയും വെടിവെച്ചുകൊന്ന് 76കാരി.ഗ്രേസ് എഡ്ജ് ആണ് മുൻ ഭർത്താവിനെയും കാമുകിയെയും കൊലപ്പെടുത്തിയത്. ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇരുവരുടെയും ബന്ധത്തോടുള്ള എതിർപ്പാണ് കൊലപാതകത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ഉച്ചയ്ക്ക് ടൂംബ്സ് കൗണ്ടിയിലാണ് സംഭവം. ഗ്രേസിന്റെ മുൻ ഭർത്താവ് വാലസ് ട്രൂമാൻ എഡ്ജ് (75), കാമുകി പമേല കുക്ക് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉവാൾഡയിലെ മക്‌നാറ്റ് ഫാൾസ് റോഡിലുള്ള ട്രെയിലർ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ഗ്രേസ് അഞ്ച് തവണ വെടിയുതിർത്തതായാണ് ആരോപണം. വാലസിനും പമേലയ്ക്കും ആകെ നാല് വെടിയേറ്റതായും ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായും പ്രാദേശിക മാധ്യമമായ ഡബ്ല്യുടിഒസി റിപ്പോർട്ട് ചെയ്തു.

സംഭവസമയത്ത് പമേലയുടെ 55കാരിയായ മാതാവ് ഡയാൻ കുക്കും വീട്ടിലുണ്ടായിരുന്നു. ആക്രമണത്തിനിടെ ഇവരുടെ കൈയ്ക്കും വെടിയേറ്റു. ഇവരാണ് സഹായത്തിനായി 911-ൽ വിളിച്ചത്. വീട്ടിലെത്തിയ സ്ത്രീ വെടിയുതിർക്കുകയായിരുന്നുവെന്ന് ഡയാൻ എമർജൻസി വിഭാഗത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. വെടിവെപ്പിന് മുമ്പ് വീട്ടിൽ തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

ഗ്രേസും വാലസും ഒരു പതിറ്റാണ്ടിലേറെ മുമ്പ് വിവാഹമോചനം നേടിയിരുന്നു. എങ്കിലും ഇരുവരും ഇടയ്ക്കിടെ ബന്ധം തുടർന്നിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വാലസ് പമേലയുമായി പ്രണയത്തിലായതോടെയാണ് സ്ഥിതിഗതികൾ മാറിയതെന്നാണ് സൂചന.

“വാലസ് പമേലയുമായി ഡേറ്റിങ് ആരംഭിച്ചിരുന്നു. ഈ ബന്ധം ഗ്രേസ് അംഗീകരിച്ചിരുന്നില്ലെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നത്,” ടൂംബ്സ് കൗണ്ടി ഷെരീഫ് ജോർദാൻ കൈറ്റ് ഡബ്ല്യുടിഒസിയോട് പറഞ്ഞു.

വെടിവെപ്പിന് പിന്നാലെ ഗ്രേസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനുശേഷം അവർ നേരിട്ട് ഷെരീഫ് ഓഫീസിലേക്ക് വാഹനമോടിച്ചെത്തിയതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

മുൻ ഭർത്താവും ഗ്രേസും തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും മുമ്പും പലതവണ പൊലീസിനെ സമീപിച്ചിരുന്നതായും അധികൃതർ വെളിപ്പെടുത്തി. എന്നാൽ മുൻ പരാതികളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.

രണ്ട് കൊലപാതകക്കുറ്റങ്ങൾ വീതവും മൂന്ന് ഗുരുതരമായ ആക്രമണക്കുറ്റങ്ങളും ഉൾപ്പെടെ ഏഴ് കുറ്റങ്ങളാണ് ഗ്രേസിനെതിരെ ചുമത്തിയിരിക്കുന്നത്. ടൂംബ്സ് കൗണ്ടി ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന അവർ ആദ്യ കോടതി ഹാജരാകലിനായി കാത്തിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക