16
Aug 2023
Wed
16 Aug 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഒരുകാലത്ത് ബോളിവുഡിലെ സ്വപ്ന ജോഡിയായി തിളങ്ങിയിരുന്ന അക്ഷയ് കുമാറും രവീണ ടണ്ടനും വീണ്ടും ഒരുമിക്കുന്നു. വെല്‍ക്കം ഫ്രാഞ്ചൈസിയുടെ വെല്‍ക്കം ടു ദി ജങ്കിള്‍ എന്ന ചിത്രത്തിലൂടെയാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം താരങ്ങള്‍ സ്‌ക്രീന്‍ പങ്കുവെക്കുന്നത്. ്ക്രീനിന് പുറത്തും പ്രണയജോഡികളായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ടനും. 1994-ല്‍ പുറത്തിറങ്ങിയ ‘മേം ഖിലാഡി തു അനാരി’, 1994ല്‍ റിലീസായ ‘മൊഹ്റ’ എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീട് പ്രണയത്തിലായ അക്ഷയും രവീണയും വിവാഹനിശ്ചയവും നടത്തി. 1995-ലായിരുന്നു അത്. കുറച്ചു വര്‍ഷം ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാല്‍ ആ ബന്ധം വിവാഹത്തില്‍ എത്തിയില്ല. ഇരുവരും വഴിപിരിഞ്ഞു.

അക്ഷയുമായുള്ള ബന്ധം അവസാനിച്ച സമയത്ത് രവീണയ്ക്ക് സിനിമകള്‍ ഒന്നുമുണ്ടായിരുന്നില്ല. അന്ന് തൊഴില്‍രഹിതയായിരുന്ന താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോയിരുന്നതെന്നും ഉറക്കമില്ലാത്ത രാത്രികളില്‍ കാറുമെടുത്ത് ലോങ് ഡ്രൈവിന് പോകുമെന്നും രവീണ പറഞ്ഞിട്ടുണ്ട്. പോലീസ് ഫോഴ്‌സ്: ആന്‍ ഇന്‍സൈഡ് സ്റ്റോറി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

വര്‍ഷങ്ങള്‍ക്കുശേഷം അക്ഷയും രവീണയും അവരവരുടേതായ ജീവിതം തിരഞ്ഞെടുത്തു. 2001-ല്‍ അക്ഷയ് ട്വിങ്കിള്‍ ഖന്നയെ വിവാഹം ചെയ്തു. മൂന്നു വര്‍ഷത്തിന് ശേഷം രവീണയും നിര്‍മാതാവ് അനില്‍ തടാനിയും തമ്മിലുള്ള വിവാഹം നടന്നു. ഇപ്പോള്‍ ഇരുവരും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് മുംബൈയില്‍ നടന്ന ഒരു ഫാഷന്‍ ഇവന്റില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു. പരസ്പരം ആലിംഗനം ചെയ്യുന്ന ഇരുവരുടേയും വീഡിയോയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

വെല്‍ക്കം ടു ദി ജങ്കിള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ് അക്ഷയ് കുമാറും രവീണയുമെന്നാണ് വിവരങ്ങള്‍. നിര്‍മാതാവ് ഫിറോസ് നാദിയാദ്വാലയുമായി അക്ഷയ് കുമാര്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു അഡ്വഞ്ചര്‍ കോമഡിയാണ് ചിത്രം.

അര്‍ഷാദ് വാര്‍സി, സഞ്ജയ് ദത്ത്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ദിഷ പഠാനി, സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ക്രിസ്മസിന് ചിത്രം തിയേറ്ററുകളില്‍ എത്തും.