19
Feb 2024
Sat
19 Feb 2024 Sat

വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും അവതാരകന്‍ പ്രണവിനെ തൃഷ തട്ടിക്കൊണ്ടുപോയി, അറസ്റ്റ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരബാദ്: വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും ടെലിവിഷന്‍ അവതാരകന്‍ പ്രണവിനെ തൃഷ എന്ന യുവതി തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ചു. യുവസംരംഭക കൂടിയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനാണ് പ്രണവ്.

ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. പ്രണവിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് ബോധ്യമായ യുവതി ഇക്കാര്യം യുവാവിനെ അറിയിച്ചു. തുടര്‍ന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിനെതിരെ പ്രണവ് പരാതി നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.

ഇതിന് പിന്നാലെ പ്രണവിനോട് താത്പര്യം തോന്നിയ യുവതി ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ഇയാളെ ശല്യപ്പെടുത്തുന്നത് തുടരുകയും ചെയ്തു. പ്രണവ് താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തല്‍ തുടര്‍ന്നു. പ്രണവിനെ നിരീക്ഷിക്കുന്നതിനായി രഹസ്യമായി ജിപിഎസും കാറില്‍ ഘടിപ്പിച്ചു. ഫെബ്രുവരി പത്താം തീയതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃഷയും ഗുണ്ടകളും ചേര്‍ന്ന് പ്രണവിനെ തട്ടിക്കൊണ്ടുപോയി അവളുടെ ഓഫീസിലെ മുറിയില്‍ പാര്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃഷയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍ നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

യുവതിയെ ചോദ്യംചെയ്തുവരികയാണ്.

Woman Arrested for Kidnapping TV Anchor in Marriage Plot