21
Apr 2024
Sat
21 Apr 2024 Sat
iran seized israel ship indian crews

തെഹ്‌റാന്‍: ഇറാന്‍ സൈന്യം പിടികൂടിയ ഇസ്രായേല്‍ ചരക്ക് കപ്പലില്‍ 17 ഇന്ത്യന്‍ ജീവനക്കാര്‍. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ റവല്യൂഷനി ഗാര്‍ഡ്‌സ് പിടിച്ചെടുത്ത എം.എസ്.സി ഏരീസ് എന്ന കപ്പല്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് മാറ്റിയിട്ടുണ്ട്. ( 17-indian-crew-on-ship-seized-by-iran )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇറാനിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഗോര്‍ട്ടല്‍ ഷിപ്പിങ് കമ്പനിയില്‍ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എംഎസ്സിയാണ് ഏരീസ് എന്ന കപ്പല്‍ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്പനിയാണ് ഗോര്‍ട്ടല്‍ ഷിപ്പിങ്. ഇസ്രായേലി വ്യവസായി ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് സോഡിയാക്.

ഈ മാസമാദ്യം സിറിയയിലെ ഇറാന്‍ എംബസിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.ഇക്കും ഇറാനുമിടയിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ യു.എ.ഇയില്‍ നിന്ന് മുംബൈയിലെ ജവഹര്‍ ലാല്‍ നെഹ്‌റു പോര്‍ട്ടിലേക്ക് വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ലോകത്തെ എണ്ണ ചരക്കുനീക്കത്തിന്റെ 40 ശതമാനവും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. 167 കിലോമീറ്റര്‍ ദൂരമാണ് ഈ കടലിടുക്കിനുള്ളത്.