തിരുവനന്തപുരം: തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും അടിയന്തരമായി സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ പോലീസിന് വീഴ്ചയുണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(CM directs to transfer Trissur City Police Commissioner)
|
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെയാണ് സര്‍ക്കാര്‍ നടപടി. പുതിയ മൂന്ന് ഉദ്യോഗസ്ഥരുടെ പേരടങ്ങിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി സര്‍ക്കാര്‍ നല്കി. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയെന്ന പരാതി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്കി.
ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തില്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എടുത്തുകൊണ്ടു പോടാ പട്ട എന്ന് കമ്മീഷണര്‍ പറയുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര് അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം.
മഠത്തില്‍വരവിനിടെ ഉത്സവപ്രേമികള്‍ക്കു നേരെ കയര്‍ക്കാനും പിടിച്ചു തള്ളാനും മുന്നില്‍നിന്നതു സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞതോടെ പൂരം രാത്രിയില്‍ നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ബിജെപി ഇക്കാര്യം തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കുന്നതിനിടെയാണ് സിറ്റി പോലീസ് കമ്മീഷണറെ സ്ഥലംമാറ്റാനുള്ള നിര്‍ദേശം നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





