ബലാല്‍സംഗക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ആത്മീയ നേതാവ് ഗുര്‍മീത് റാം റഹീം 10 മാസത്തിനിടെ ഏഴ് തവണ പരോളിലിറങ്ങിയ ശേഷം വീണ്ടുമൊരു പരോളിനായി കോടതിയെ സമീപിച്ചു. ദേരാ സച്ചാ സൗദയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് റാം റഹീം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. ഹരജി സ്വീകരിച്ച കോടതി ഹരിയാന സര്‍ക്കാരിനോടും സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയോടും ജൂലൈ രണ്ടോടെ മറുപടി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
|
20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ട ഗുര്‍മീത് റാം റഹീം തുടര്‍ച്ചയായി പരോളില്‍ ഇറങ്ങുന്നതിനെ ജനുവരി 29ന് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. വീണ്ടും പരോളിന് സമീപിച്ചാല്‍ ഹൈക്കോടതിയുടെ അനുമതി വാങ്ങിയിരിക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് അന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സമാന രീതിയില്‍ എത്ര തടവുകാര്‍ക്ക് പരോള്‍ നല്‍കിയിട്ടുണ്ടെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന വേളയിലായിരുന്നു വന്‍തോതില്‍ അനുയായികളുള്ള ഗുര്‍മീത് റാം റഹീമിന് പരോള്‍ ലഭിച്ചിരുന്നത്. പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പ്രാപ്തമായ വോട്ട് ബാങ്കാണ് മാല്‍വ റീജ്യനിലുള്ള ദേരാ സച്ചാ സൗദ അനുയായികള്‍. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭയില്‍ 69 സീറ്റുകളും മാല്‍വ റീജ്യനിലാണ് എന്നതും ഗുര്‍മീത് റാം റഹീമിന്റെ പരോളിന്റെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





