ഗുരുവായൂർ: കുറഞ്ഞ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്.
|
ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്.

അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മീരയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പിഎസ്, സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങൾ മീര പങ്കുവെച്ചിരുന്നു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദനെ മുല്ല എന്ന ചിത്രത്തിലൂടെസംവിധായകൻ ലാൽജോസാണ് മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.

2023ൽ പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര എത്തിയിരുന്നു.
ഇപ്പോള്‍ ദുബായില്‍ RJ യാണ്.


