23
Aug 2024
Sat
23 Aug 2024 Sat
131 villages in kerala included under ESA notifaction

കേരളത്തിലെ 12 ജില്ലകളിലെ 131 ഗ്രാമങ്ങൾ അടങ്ങുന്ന 9993.7 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാർശചെയ്ത് കേന്ദ്രസർക്കാർ അഞ്ചാം കരട് വിജ്ഞാപനം പുറത്തിറക്കി. പശ്ചിമഘട്ടം കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് എന്നീ ആറുസംസ്ഥാനങ്ങളിലെ പരിസ്ഥിതിലോലപ്രദേശങ്ങളെക്കുറിച്ചുള്ള കരട് വിജ്ഞാപനമാണ്കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം ജൂലായ് 31-ന് പുറത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമഘട്ടസംരക്ഷണത്തിനായി ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകളനുസരിച്ച് 2014-ൽ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചാംവട്ടം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ആലപ്പുഴയും കാസർകോടുമൊഴികെ 12 ജില്ലകളിലെ 131 ഗ്രാമങ്ങൾ പരിസ്ഥിതിലോലമാണ്.

ഇടുക്കി ജില്ലയിൽ 51 വില്ലേജുകൾ ആണ് വിജ്ഞാപനത്തിലുള്ളത്. ദേവികുളം താലൂക്കിലെ ആനവിരട്ടി, ഇടമലക്കുടി, കാന്തല്ലൂർ, കെ.ഡി.എച്ച്., കീഴാന്തൂർ, കൊട്ടക്കമ്പൂർ, കുഞ്ചിത്തണ്ണി, മാങ്കുളം, മന്നാംകണ്ടം, മറയൂർ, മൂന്നാർ, പള്ളിവാസൽ, വട്ടവട, വെള്ളത്തൂവൽ

ഇടുക്കി താലൂക്കിലെ അയ്യപ്പൻകോവിൽ, ഇടുക്കി, കാഞ്ചിയാർ, കഞ്ഞിക്കുഴി, കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോട്, വാത്തിക്കുടി.
പീരുമേട് താലൂക്കിലെ കൊക്കയാർ, കുമളി, മഞ്ചുമല, മ്ലാപ്പാറ, പീരുമേട്, പെരിയാർ, പെരുവന്താനം, ഉപ്പുതറ
തൊടുപുഴ താലൂക്കിലെ അറക്കുളം, ഉടുമ്പന്നൂർ
ഉടുമ്പൻചോല താലൂക്കിലെ അണക്കര, ആനവിലാസം, ബൈസൺവാലി, ചക്കുപള്ളം, ചതുരംഗപ്പാറ, ചിന്നക്കനാൽ, ഇരട്ടയാർ, കൽക്കൂന്തൽ, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, പാറത്തോട്, പൂപ്പാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, ഉടുമ്പൻചോല, വണ്ടൻമേട് എന്നിവയാണ് ഇടുക്കി ജില്ലയിലെ പരിസ്ഥിതി ലോല വില്ലേജുകൾ.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിലെ അരുവാപ്പുലം, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്. റാന്നി താലൂക്കിലെ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര

കോട്ടയം ജില്ലയിൽ കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി വില്ലേജുകളും വയനാട് ജില്ലയിൽ പേരിയ, തിരുനെല്ലി, തോണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപ്പുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല വില്ലേജുകളുമാണ് ഇഎസ്എയിലുള്ളത്.

നിയന്ത്രണങ്ങൾ

ഖനനത്തിന് സമ്പൂർണ നിരോധനം, താപവൈദ്യുതനിലയങ്ങൾ പാടില്ല, മലിനീകരണനിയന്ത്രണ അതോറിറ്റികൾ ‘ചുവപ്പ്’ വിഭാഗത്തിൽപ്പെടുത്തിയ വ്യവസായങ്ങൾ അനുവദിക്കില്ല, ഇരുപതിനായിരം ചതുരശ്രമീറ്ററോ അതിനുമുകളിലോ വിസ്തീർണമുള്ള കെട്ടിടങ്ങൾ, 50 ഹെക്ടറോ അതിനുമുകളിലോ അല്ലെങ്കിൽ ഒന്നരലക്ഷം ചതുരശ്രമീറ്ററോ നിർമാണസ്ഥലമുള്ള ടൗൺഷിപ്പുകൾ എന്നിവ നിർമിക്കാനാകില്ല, വീടുകളുടെ അറ്റകുറ്റപ്പണി, വിപുലീകരിക്കൽ, നവീകരണം തുടങ്ങിയവയ്ക്ക് തടസ്സമില്ല, പരിസ്ഥിതി ആഘാതപഠനം അനുസരിച്ചേ പുതിയ ജലവൈദ്യുതപദ്ധതികൾ അനുവദിക്കൂ തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. അതേസമയം പരിസ്ഥിതിലോല മേഖലകളിലെ വസ്തുവിൽക്കാൻ തടസ്സമില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക