20
Aug 2024
Mon
20 Aug 2024 Mon
Paris 2024 Olympics closing ceremony next in los angeles

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരിസ്: 16 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന് വര്‍ണാഭമായ സമാപനം. ഉദ്ഘാടന ചടങ്ങുമുതല്‍ പാരിസ് ലോകത്തെ വിസ്മയിപ്പിച്ചുതുടങ്ങിയ പതിനഞ്ച് പകലിരവുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുവെച്ച പാരിസിന്റെ വിസ്മയങ്ങള്‍ വര്‍ണാഭവും താരനിബിഡവുമായ ആഘോഷരാവില്‍ അവസാനമായി. സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികള്‍ക്കൊടുവിലാണ് 2024 ഒളിംപിക്‌സിന് പര്യവസാനമായത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം ഗോളി പി.ആര്‍ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യന്‍ പതാക വഹിച്ച് രാജ്യത്തിന് അഭിമാനമായി.

അടുത്ത ഒളിംപിക്‌സിനു വേദിയാകുന്ന യു.എസ് നഗരമായ ലൊസാഞ്ചലസിന്റെ മേയര്‍ കരന്‍ ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. 2028 ലാണ് അടുത്ത ഒളിംപിക്‌സിന് യുഎസ് വേദിയാവുക. യുഎസിന്റെ ദേശീയ ഗാനം ആലപിച്ചാണ് ഒളിംപിക്‌സ് സമാപനച്ചടങ്ങുകള്‍ അവസാനിച്ചത്.

ആഘോഷരാവിന് മാറ്റുകൂട്ടാന്‍ ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാ പരിപാടികളും ഫ്രാന്‍സിലെ ഫീനിക്‌സ് ബാന്‍ഡിന്റെ സംഗീത പരിപാടികളും അരങ്ങേറി. 70,000ത്തിലധികം ആരാധകരാണ് സമാപനച്ചടങ്ങിനായി സ്റ്റേഡിയത്തിലെത്തിയത്.

126 മെഡലുകള്‍ നേടി യുഎസ് ഒന്നാം സ്ഥാനക്കാരായപ്പോള്‍ 91 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകള്‍ നേടി 71ാം സ്ഥാനക്കാരായാണ് ഇന്ത്യ പാരിസില്‍ നിന്ന് മടങ്ങുന്നത്. ഏഴ് മെഡലുകളെന്ന ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം എത്താന്‍ പാരിസില്‍ ഇന്ത്യയ്ക്കായില്ല. കഴിഞ്ഞതവണത്തേക്കാള്‍ ഒരു മെഡല്‍ ഇത്തവണ കുറഞ്ഞു.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഇന്ത്യന്‍ നിരയില്‍ നീരജ് ചോപ്ര ഇത്തവണയും നിരാശപ്പെടുത്തിയില്ല. ടോക്കിയോക്ക് പിന്നാലെ പാരിസിലും ജാവലിന്‍ ത്രോയില്‍ നീരജ് മെഡല്‍ നേട്ടം ആവര്‍ത്തിച്ചു. എന്നാല്‍ കഴിഞ്ഞ തവണത്തെ സ്വര്‍ണ്ണ നേട്ടം ഇത്തവണ വെള്ളിയിലൊതുങ്ങിയതുമാത്രമാണ് നിരാശയായത്.

ഷൂട്ടിങ് റേഞ്ചിലായിരുന്നു ഇന്ത്യയുടെ മിന്നും പ്രകടനം. ഷൂട്ടിങ്ങില്‍ മാത്രം മൂന്ന് മെഡലുകള്‍ ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞു. മനു ഭാക്കര്‍ ഇരട്ടവെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും സരബ് ജ്യോത് സിംഗിനൊപ്പം മിക്‌സഡ് വിഭാഗത്തിലുമാണ് മനുവിന്റെ വെങ്കലനേട്ടം. സ്വപ്‌നില്‍ കുസാലെയിലൂടെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍. ഹോക്കി ടീം ടോക്കിയോ ഒളിംപിക്‌സിലെ വെങ്കലമെഡല്‍ പാരിസിലും നിലനിര്‍ത്തി.

ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിന് വെങ്കലനേട്ടത്തോടെ വിരമിക്കാനായതാണ് പാരീസിലെ മറ്റൊരു നല്ല ഓര്‍മ. ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്ത് വെങ്കലം നേടിയെടുത്തപ്പോള്‍ വിനേഷ് ഫോഗട്ട് ഇന്ത്യയുടെ കണ്ണീരായി മാറി. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത നീക്കി വെള്ളി മെഡല്‍ അനുവദിച്ചാല്‍ ഇന്ത്യയുടെ മെഡല്‍ പട്ടിക ഉയരും.

Paris 2024 Olympics closing ceremony next in los angeles