ഗസാ സിറ്റി: ഇസ്രായേലിനെ വീണ്ടും ഞെട്ടിച്ച് ഹമാസ് സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സ്. (Hamas destroys five Merkava tanks; missile hits Israeli helicopter) ഇസ്രായേലി അപാഷെ ഹെലികോപ്ടറിന് നേരെ മിസൈല്‍ തൊടുത്തുവിട്ടതായും ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
|
ജബലിയയുടെ കിഴക്ക് ഭാഗത്താണ് അത്യുഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നാല് മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്തത്. ജബലിയ അഭയാര്‍ഥി ക്യാമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സഫതാവി സ്ട്രീറ്റിലാണ് അഞ്ചാമത്തെ ആക്രമണം.
അല്‍ ഖസ്സാം ബ്രിഗേഡും അല്‍ നാസര്‍ ബ്രിഗേഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇസ്രായേല്‍ സൈനിക കോപ്ടര്‍ ആക്രമിച്ചത്. അല്‍ ബുറൈജ് ക്യാമ്പിന് മുകളില്‍ പറക്കുകയായിരുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ ഹെലികോപ്ടറിന് നേരെ സാം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഈ ആക്രമണം ലക്ഷ്യം കണ്ടോ എന്ന കാര്യം വ്യക്തമല്ല.
അപാഷെ കോപ്ടറിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ സൈന്യത്തിന്റെ അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഉത്തര ഗസയില്‍ നിന്ന് ഇസ്രായേല്‍ ലക്ഷ്യമിട്ട് നടത്തിയ മറ്റ് മിസൈല്‍ ആക്രമണങ്ങള്‍ തടഞ്ഞതായും സൈന്യം അവകാശപ്പെട്ടു.
വ്യാഴാഴ്ച്ച തെക്കന്‍ ഇസ്രായേലിലെ അല്‍ ഖുസാ കുടിയേറ്റ കേന്ദ്രത്തിലേക്ക് ഫലസ്തീന് ഇസ്ലാമിക് ജിഹാദിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്സും റോക്കറ്റാക്രമണം നടത്തിയിരുന്നു.


