11
Nov 2026
Wed
11 Nov 2026 Wed
Banana Bunch MDMA Smuggling Case Dhanesh S Nair Arrested

ആലുവ/അങ്കമാലി: കൃഷിയുടെയും കര്‍ഷക പുരസ്‌കാരങ്ങളുടെയും മറവില്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ രാസലഹരി കടത്തിയിരുന്ന ഹരിപ്പാട് സ്വദേശിക്ക് പിന്നില്‍ നൈജീരിയന്‍ കാര്‍ട്ടല്‍. അന്തര്‍സംസ്ഥാന ലഹരി ശൃംഖലയിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഹരിപ്പാട് വീയപുരം പറയില്‍ സ്വദേശിയും നിലവില്‍ മൈസൂരുവില്‍ താമസക്കാരനുമായ ധനേഷ് എസ്. നായരെ (‘ഡാനി ഭായ്’) അങ്കമാലിയില്‍ വെച്ച് ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എം.ഡി.എം.എയും പോലീസ് പിടിച്ചെടുത്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ ലഹരി കാര്‍ട്ടലുമായി ധനേഷിന് നേരിട്ട് ബന്ധമുണ്ടെന്ന് റൂറല്‍ പോലീസ് വെളിപ്പെടുത്തി.

ആലുവയിലെ അറസ്റ്റില്‍ നിന്ന് പുറത്തുവന്ന വന്‍ ശൃംഖല

ആലുവയിലെ ലോഡ്ജില്‍ നിന്ന് 185 ഗ്രാം എം.ഡി.എം.എയുമായി ഹരികൃഷ്ണന്‍ എന്ന യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ‘ഡാനി ഭായ്’ എന്നറിയപ്പെടുന്ന ധനേഷിന്റെ പങ്കും ശൃംഖലയുടെ വ്യാപ്തിയും പുറത്തുവന്നത്.

തുടര്‍ന്ന് തത്തോപ്പിള്ളിയില്‍ നിന്ന് 7 ഗ്രാം എം.ഡി.എം.എയുമായി ഷിനു സെബാസ്റ്റ്യന്‍ എന്നയാളെയും അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാം വഴിയാണ് ധനേഷ് ഈ ചെറുപ്പക്കാര്‍ക്ക് ലഹരി വിതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും, ലഹരി വിറ്റ് കിട്ടുന്ന പണം ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ വാഴക്കുല തന്ത്രം; മറയായി 6 ഏക്കര്‍ തോട്ടം

മൈസൂരുവിനടുത്തുള്ള നഞ്ചന്‍കോടില്‍ ആറേക്കര്‍ സ്ഥലത്ത് വാഴക്കൃഷി നടത്തി വരികയായിരുന്നു ധനേഷ്. കൃഷിയുടെ മറവിലായിരുന്നു ഇയാളുടെ ലഹരിവ്യാപാരം. ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമുള്ള നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണ് ധനേഷ് വന്‍തോതില്‍ എം.ഡി.എം.എ വാങ്ങിയിരുന്നത്.

വാഴക്കുലയിലെ പടലകള്‍ക്കിടയില്‍ 50 ഗ്രാം വീതം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് രാസലഹരി ഒളിപ്പിക്കുക. അതിനുശേഷം വാഴക്കുല മുഴുവനായി വലിയ ചാക്കുകൊണ്ട് മൂടി ലോറികളിലും പിക്കപ്പ് വാനുകളിലും കേരളത്തിലേക്ക് അയക്കും.

കാര്‍ഷിക വിളയായതിനാല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലോ പോലീസിന്റെ പരിശോധനകളിലോ സംശയം തോന്നാറില്ലായിരുന്നു.

കര്‍ഷക ശ്രീയില്‍ നിന്ന് ലഹരിക്കടത്തുകാരനിലേക്ക്

2018-ലെ പ്രളയകാലത്ത് വിദേശത്തുനിന്ന് നാട്ടിലെത്തിയ ധനേഷ് ഹരിപ്പാട് ഒന്നരയേക്കര്‍ പാട്ടത്തിനെടുത്ത് ഹൈബ്രിഡ് തണ്ണിമത്തന്‍ കൃഷി ചെയ്താണ് ശ്രദ്ധ നേടിയത്. 2023 ഏപ്രിലില്‍ കൃഷിവകുപ്പിന്റെ ‘കൃഷിദര്‍ശന്‍’ പദ്ധതിയുടെ ഭാഗമായി അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ്, രമേശ് ചെന്നിത്തല എം.എല്‍.എ തുടങ്ങിയവര്‍ ഇയാളുടെ തോട്ടം നേരിട്ട് സന്ദര്‍ശിക്കുകയും ഇയാളെ ആദരിക്കുകയും ചെയ്തിരുന്നു.

പാട്ടത്തിന് ഭൂമി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കര്‍ണാടകയിലേക്ക് മാറിയ ഇയാള്‍ അവിടെ ലഹരി ശൃംഖല കെട്ടിപ്പടുക്കുകയായിരുന്നു. ലഹരിക്കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഇയാള്‍ക്ക് നല്‍കിയ കൃഷിദര്‍ശന്‍ പുരസ്‌കാരവും ആദരവുകളും ഔദ്യോഗികമായി റദ്ദാക്കാന്‍ പോലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനായി ധനേഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ബെംഗളൂരു, നഞ്ചന്‍കോട് എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

Tags: MDMA Smuggling Kerala, Dhanesh S Nair Arrest, Aluva Police, Angamaly News, Nigerian Drug Cartel Bengaluru, Crime News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക