15
Feb 2025
Sun
15 Feb 2025 Sun
Reciprocal tariffs on India and China soon: Trump

വാഷിങ്ടണ്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും പരസ്പര നികുതി (Reciprocal tariffs) ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞങ്ങള്‍ ഉടന്‍ പരസ്പര നികുതികള്‍ ഏര്‍പ്പെടുത്തും. കാരണം അതിനര്‍ത്ഥം അവര്‍ നമ്മളില്‍ നിന്ന് ഈടാക്കുന്നു, അതിന് പകരമായി നമ്മള്‍ അവരില്‍നിന്നും ഈടാക്കുന്നു എന്നാണ്. ഏത് കമ്പനിയായാലും രാജ്യമായാലും ഉദാഹരണത്തിന് ഇന്ത്യയായാലും ചൈനയായാലും അവര്‍ എന്ത് ഈടാക്കിയാലും നമ്മള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മളില്‍നിന്ന് ഈടാക്കുന്നു, നമ്മള്‍ അവരില്‍നിന്നും ഈടാക്കി തിരിച്ചടിക്കുന്നു. ഞങ്ങള്‍ ഇതുവരെ അങ്ങിനെ ചെയ്തിട്ടില്ല. എന്നാലിപ്പോള്‍ യു.എസ്.എ അങ്ങിനെ ചെയ്യാന്‍ പോകുകയാണ്- എന്നാണ് ട്രംപ് പറഞ്ഞത്.

എന്നാല്‍ പരസ്പര നികുതി എങ്ങനെയാണ് ഏര്‍പ്പെടുത്തുക എന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് 20 ശതമാനം തീരുവ ചുമത്തിയാല്‍ അത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 50 അടിസ്ഥാന പോയിന്റുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് നേരത്തെ ഇന്ത്യന്‍ വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ട്രംപ് പരസ്പര താരിഫ് ഏര്‍പ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്.

Reciprocal tariffs on India and China soon: Trump