16
Feb 2025
Thu
16 Feb 2025 Thu
dbs bank ai

ന്യൂഡല്‍ഹി: അതിവേഗം വളരുന്ന നിര്‍മിത ബുദ്ധിയുടെ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗം പല കമ്പനികളിലും ജീവനക്കാര്‍ക്ക് ഭീഷണിയാവുന്നു. (AI threat to job; 4000 people will lose jobs at DBS Bank) നിരവധി കമ്പനികള്‍ ഇതിനകം ആയിരക്കണക്കിന് പേരെ പിരിച്ചുവിട്ടു കഴിഞ്ഞു. പലതും ക്രമേണ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള ആലോചനയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,000 തസ്തികകള്‍ വെട്ടിക്കുറക്കുമെന്ന് സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസ് അറിയിച്ചു. ജീവനക്കാര്‍ക്ക് പകരം എഐ ഉപയോഗിക്കുമെന്നും ബാങ്ക് അറിയിച്ചു.

താല്‍ക്കാലിക, കരാര്‍ ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. എന്നാല്‍, നിലവില്‍ സ്ഥിരം ജീവനക്കാര്‍ക്ക് ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) യുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. സിംഗപ്പൂരില്‍ എത്ര ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, നിര്‍ദ്ദിഷ്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ 19 വിപണികളിലായി ഏകദേശം 4,000 താല്‍ക്കാലിക/കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ എഐ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് വക്താവ് പറഞ്ഞു. നിലവില്‍, ഡിബിഎസില്‍ 8,000-9,000 താല്‍ക്കാലിക, കരാര്‍ ജീവനക്കാരുണ്ട്.

ഏകദേശം 41,000 പേരാണ് ബാങ്കിനാകമാനമുള്ള ജോലിക്കാര്‍. ഡിബിഎസ് ഒരു ദശാബ്ദത്തിലേറെയായി എഐ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഗുപ്ത വെളിപ്പെടുത്തി.

മാര്‍ച്ച് അവസാനം ഗുപ്ത കമ്പനി വിടും. നിലവിലെ ഡെപ്യൂട്ടി സിഇഒ ടാന്‍ സു ഷാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകും. ലോകമെമ്പാടുമുള്ള എല്ലാ ജോലികളിലും ഏകദേശം 40ശതമാനത്തോളം എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നല്‍കിയിരുന്നു.