മലപ്പുറം ജില്ലയ്ക്കെതിരേ വിദ്വേഷ പരാമര്‍ശനം നടത്തിയ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വെള്ളാപ്പള്ളി നടേശന് എല്ലാക്കാലവും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരു മതത്തിനെതിരെയും അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവര്ക്കറിയാമെന്നും പിണറായി വിജയന് പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
|
ആളുകളുടെ മനസുകളിലേക്ക് നല്ലതുപോലെ കയറുന്ന സരസമായ രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ ഭാഷയ്ക്കുണ്ട്. അടുത്തിടെ ചില വിവാദങ്ങള്‍ ഉയര്‍ന്ന് വന്നത് നിര്‍ഭാഗ്യകരമാണ്. അത് ചില സമുദായത്തിനെതിരായ പരാമര്‍ശമായി വരുത്താന്‍ ശ്രമിച്ചു. എന്നാല്‍ ഒരു മതത്തിനെതിരേ അദ്ദേഹം നിലപാട് സ്വീകരിക്കില്ലെന്ന് വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്കറിയാം. തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അത്തരം കാര്യങ്ങളില്‍ വെള്ളാപ്പള്ളി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. എന്തിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നാട്ടില്‍ നടക്കുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയാണ് പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയതാണ്. രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട് പറഞ്ഞതല്ലെന്നും നിലവിലെ യാഥാര്‍ത്ഥ്യം വച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളിക്ക് നല്‍കുന്നത് ഉചിതമായ സ്വീകരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുമാരനാശാന് 16 വര്ഷമാണെങ്കില് വെള്ളാപ്പള്ളിക്ക് മൂന്ന് പതിറ്റാണ്ടുകാലം എസ്എന്‍ഡിപി യോഗത്തിന് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞു. രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് വെള്ളാപ്പള്ളി നിര്‍വഹിച്ചത്. തുടര്‍ച്ചയായി വിശ്വാസം നേടിയെടുക്കാനും നിലനിറുത്തുവാനും മെച്ചപ്പെട്ട നിലയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും സംഘടനയെ വളര്‍ച്ചയിലേക്ക് നയിക്കാനും വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും ഇനിയും ആര്‍ജവത്തോടെ വെള്ളാപ്പള്ളിക്ക് തുടരാനാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നും സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവന്നത്. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂനിയന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കണ്‍വന്‍ഷനിലായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം.
നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോയെന്നും വെള്ളാപ്പള്ളി അണികളോട് ചോദിച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി മുസ് ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





