29
Jun 2025
Wed
29 Jun 2025 Wed
two police officer have link in Malapparamb sex racket

കോഴിക്കോട് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കും പങ്ക്. ഇരുവരുടെയും അക്കൗണ്ടിലേക്ക് പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാര്‍ പണമയച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് പോലീസ് പിടികൂടിയ പ്രതികളില്‍ ഒരാളുമായാണ് പോലീസുകാര്‍ ബന്ധപ്പെട്ടിരുന്നത്. ഇരുവരും ഈ കേന്ദ്രത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസുകാര്‍ക്കെതിരായ അന്വേഷണ റിപോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറും. ആരോപണ വിധേയരായ പോലീസുകാരുടെ ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചപ്പോഴാണ് ദിവസവും അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നതായി കണ്ടെത്തിയത്. പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരിയുമായി 2022 മുതല്‍ ഈ പോലീസുകാര്‍ക്കു ബന്ധമുള്ളതായി പറയുന്നു. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അന്ന് നോട്ടിസ് നല്‍കി വിട്ടയച്ച യുവതിയുമായി പോലീസുകാരന്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു.

ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, വയനാട് ഇരുളം സ്വദേശിനി ബിന്ദു എന്നിവരാണ് പെണ്‍വാണിഭകേന്ദ്രം നടത്തിയിരുന്നത്. പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണെന്ന് പിടിയിലായ നടത്തിപ്പുകാര്‍ പോലീസിനോടു വ്യക്തമാക്കിയിരുന്നു. അനാശാസ്യത്തിനായി ഫ്ളാറ്റിലെത്തിയിരുന്നവരെയും ഇവര്‍ മുഖേന താല്‍പര്യമുള്ളവരെയുമാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ളവര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നു.

താല്‍പര്യം അറിയിക്കുന്ന ഇടപാടുകാര്‍ക്ക് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലൊക്കേഷന്‍ കൈമാറുകയും ഫ്ളാറ്റിലെത്തി പണം അടയ്ക്കുന്നവരെ യുവതികളുടെ അടുത്ത് എത്തിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങുന്നതെന്നും ഇതില്‍ 1000 രൂപ പെണ്‍കുട്ടികള്‍ക്ക് നല്‍കുമായിരുന്നുവെന്നും നടത്തിപ്പുകാര്‍ പോലീസിനോടു പറയുകയുണ്ടായി. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്ളാറ്റില്‍ എത്തിയിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആറ് സ്ത്രീകളടക്കം 9 പേരെയാണ് പോലീസ് ഫ്‌ളാറ്റ് റെയ്ഡ് ചെയ്ത് പിടികൂടിയത്. ഇവരില്‍ രണ്ടു പേര്‍ ഇടപാടുകാരായിരുന്നു.

ALSO READ: കോഴിക്കോട്ട് പെണ്‍വാണിഭകേന്ദ്രം റെയ്ഡ് ചെയ്ത് 9 പേരെ പിടികൂടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക