20
Jun 2025
Thu
20 Jun 2025 Thu
three arrested over death of woman in Kannur

കണ്ണൂര്‍ പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. റസീന മന്‍സിലില്‍ എ മുഹമ്മദ്-സി കെ ഫാത്തിമ ദമ്പതികളുടെ മകള്‍ റസീന(40)ചൊവ്വാഴ്ച ജീവനൊടുക്കിയ സംഭവത്തിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരാണ് പിടിയിലായത്. ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു. പിടിയിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം റസീന ആണ്‍സുഹൃത്തിനോട് കാറിനരികില്‍ സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് യുവതിയെ വിട്ടയയ്ക്കുകയും മയ്യില്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ തടഞ്ഞുവയ്ക്കുകയും ഇയാളുടെ മൊബൈല്‍ ഫോണും ടാബും പിടിച്ചെടുക്കുകയും ചെയ്തു.യുവാവിനെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ച ശേഷം റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റിലായ പ്രതികളില്‍നിന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. റസീനയുടെ ഭര്‍ത്താവ് വിദേശത്താണ്.

ALSO READ: ക്ലാസ് മുറിയില്‍ പിറന്നാളാഘോഷിച്ച വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയിലെത്തി ജീവനൊടുക്കി