15
Jul 2025
Thu
15 Jul 2025 Thu
Cricketer Mohammed Shami's wife, Hasin Jahan caught Physical Altercation With Neighbour

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ പ്രതിമാസം ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പ്രതിമാസം 1.5 ലക്ഷം രൂപ ഹസിന്‍ ജഹാന് നല്‍കാനും 2.5 ലക്ഷം രൂപ മകള്‍ക്ക് നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്. കുറഞ്ഞ തുക അനുവദിച്ച 2023 ലെ കീഴ്‌ക്കോടതി ഉത്തരവിനെ ജഹാന്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈക്കോടതിയില്‍ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ് 2023ല്‍ ഒരു ജില്ലാ സെഷന്‍സ് കോടതി 50,000 രൂപ ഹസിന്‍ ജഹാന് നല്‍കാന്‍ ഷമിയോട് ഉത്തരവിട്ടിരുന്നു.

‘വിവാഹത്തിന് മുമ്പ് ഞാന്‍ മോഡലിംഗും അഭിനയവും ചെയ്തിരുന്നു. എന്റെ തൊഴില്‍ ഉപേക്ഷിക്കാന്‍ ഷമി എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ ഒരു വീട്ടമ്മയുടെ ജീവിതം മാത്രം ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഞാന്‍ ഷമിയെ വളരെയധികം സ്‌നേഹിച്ചിരുന്നതിനാല്‍ അത് സന്തോഷത്തോടെ സ്വീകരിച്ചു എന്നാണ് വിധിക്ക് ശേഷം ജഹാന്‍ പറഞ്ഞത്.

എന്നാലിപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു കാരണത്താല്‍ ഹസിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അയല്‍വാസിയായ മറ്റൊരു സ്ത്രീയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണിത്.


വീഡിയോയില്‍, ഹസിന്‍ ജഹാന്‍ മറ്റേ സ്ത്രീയെ തള്ളുന്നതും മര്‍ദിക്കുന്നതും കാണാം. സംഭവം മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തെങ്കിലും ഏറ്റുമുട്ടലിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

2014ലാണ് ഹസിന്‍ ജഹാനും ഷമിയും വിവാഹിതരായത്. ഷമിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജഹാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മോഡലായും ചിയര്‍ലീഡറായും പ്രവര്‍ത്തിച്ചിരുന്നു. 2018ല്‍ ക്രിക്കറ്റ് താരത്തിനും കുടുംബത്തിനുമെതിരെ ജഹാന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതോടെയാണ് അവരുടെ വിവാഹം തകര്‍ന്നത്.

ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, വ്യഭിചാരം, ഒത്തുകളി എന്നീ കുറ്റങ്ങളാണ് ഷമിക്കെതിരെ അവര്‍ ചുമത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് ഷമിയുടെ കേന്ദ്ര കരാര്‍ റദ്ദാക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് നടത്തിയ അന്വേഷണത്തിന് ശേഷം മാത്രമാണ് ഷമിക്ക് കരാര്‍ ലഭിച്ചത്.

Cricketer Mohammed Shami’s wife, Hasin Jahan caught Physical Altercation With Neighbour