കൊച്ചി: അമിത ചാര്‍ജ്ജ് ഈടാക്കാനുള്ള അക്ഷയ കേന്ദ്രങ്ങളുടെ നീക്കം തടഞ്ഞ് കേരളാ ഹൈക്കോടതി. ഇതുസംബന്ധിച്ച് അക്ഷയ കേന്ദ്രങ്ങളുടെ ഹരജി ഹൈക്കോടതി തള്ളി. അക്ഷയ കേന്ദ്രങ്ങള്‍ സാധാരണക്കാരുടെ സേവനത്തിനുള്ളതാണെന്നും ലാഭമുണ്ടാക്കുന്ന ബിസിനസ് കേന്ദ്രങ്ങളായി കാണാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. അക്ഷയ കേന്ദ്രങ്ങളുടെ പുതിയ നിരക്ക് നിശ്ചയിച്ച് കഴിഞ്ഞമാസം ആറിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ വരെ നഷ്ടമായെന്നായിരുന്നു ഹരജിക്കാരുടെ വാദം.
|
അക്ഷയ സെന്ററുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഓള്‍ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹര്‍ജിയും കോടതി തള്ളി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി. അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. എന്നാല്‍, പ്രവര്‍ത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവര്‍ത്തിയുടെ ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Akshaya center are not profit-making institutions: High Court





