
Kumbala school kalolsavam gaza mime കുമ്പള: ഗസ പ്രമേയമായ മൈം (മൂകാഭിനയം) തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച നടത്തും. ഗസ പ്രമേയമായ മൈം അടക്കമുള്ളവ വേദിയില്‍ അവതരിപ്പിക്കും.
![]() |
|
അതേസമയം, മൈം അവതരിപ്പിച്ചതിന് പരിപാടി നിര്‍ത്തിവെപ്പിച്ച് കലോത്സവം തന്നെ മാറ്റിവെച്ച സംഭവത്തില്‍ നാളെ തന്നെ ഡി.ഡി.ഇ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവം വാര്‍ത്തയും വിവാദവുമായതിനെ തുടര്‍ന്ന് അടിയന്തര അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി കലക്ടറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവവേദിയില്‍ ഗസ്സ പ്രമേയമായ മൈം മല്‍സരത്തില്‍ അവതരണം തീരും മുമ്പേ അധ്യാപകരാണ് കര്‍ട്ടനിട്ടത്. സംഘപരിവാര അനുകൂലികളായ അധ്യാപകരാണ് ഇതിന് മുന്‍കൈയെടുത്തതെന്നാണ് ആരോപണം.
ALSO READ: ചുമ മരുന്ന് കുടിച്ച് കൂടുതല്‍ മരണങ്ങള്‍; തമിഴ് നാട്ടില്‍ പരിശോധന; വിഷമാലിന്യം കണ്ടെത്തി
വിഷയം വിവാദത്തിലും സംഘര്‍ഷത്തിലും എത്തിയതോടെ സ്‌കൂള്‍ കലോത്സവം തന്നെ നിര്‍ത്തിവെച്ചു. വെള്ളി, ശനി ദിവസങ്ങളിലായി നടക്കേണ്ട കലോത്സവത്തില്‍ വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ മൈം ഷോയിലാണ് ഗസ പ്രമേയമാക്കി അവതരിപ്പിച്ചത്.
10 മിനിറ്റ് ദൈര്‍ഘ്യമുള്ള മൈമില്‍ രണ്ട് മിനിറ്റ് പൂര്‍ത്തിയാക്കിയിരുന്നു. മൈമിന്റെ ഭാമായി ഗസ ദൈന്യതയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ രംഗത്തെത്തി കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അവതരണം നിഷേധിച്ചതോടെ മൈം അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങി പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
വിഷയം സംഘര്‍ഷത്തിലേക്ക് മാറിയതോടെ പൊലീസെത്തി രംഗം ശാന്തമാക്കി. ശനിയാഴ്ച രാവിലെ ചേര്‍ന്ന പി.ടി.എ യോഗത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചുകയറി. പൊലീസെത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുനീക്കി. എം.എസ്.എഫ്, എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
മൂകാഭിനയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നില്ലെന്നും പ്ലക്കാര്‍ഡ് ഉയര്‍ത്താന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നതായും അധ്യാപകര്‍ പറഞ്ഞു. ഗസ പ്രമേയമായ പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ലെന്നും പഹല്‍ഗാം പോലുള്ള ഇന്ത്യന്‍ വിഷയങ്ങള്‍ ആകാമെന്നും ചില അധ്യാപകര്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. തങ്ങള്‍ അവതരിപ്പിക്കുന്ന പ്രമേയം അധ്യാപകരെ കാണിച്ചിരുന്നു. അതില്‍ അധ്യാപകര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതേസമയം, മൈം തടഞ്ഞ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. ഫലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്ന് മന്ത്രി ശിവന്‍കുട്ടി ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും കലോല്‍സവം നടത്താന്‍ തീരുമാനമായത്.