15
Oct 2025
Thu
15 Oct 2025 Thu
gaza ceasefire

കെയ്‌റോ: ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നല്‍കി ഹമാസും ഇസ്രായേലും. ?ഈജിപ്തിലെ കെയ്‌റോവില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസ് തടവിലുള്ള ബന്ദികളേയും ഇസ്രായേല്‍ ജയിലുകളിലുള്ള ഫലസ്തീന്‍ തടവുകാരേയും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുമെന്ന് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ യാര്‍ഥ്യമായതിന് പിന്നാലെയാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. എ.എഫ്.പിയോടാണ് ഹമാസിന്റെ പ്രതികരണം.

അതേസമയം, ഇസ്രായേല്‍ സൈന്യം നിശ്ചയിച്ച സ്ഥലത്തേക്ക് പിന്‍മാറുമെന്ന് ഡോണള്‍ഡ് ട്രംപും പറഞ്ഞു. തിങ്കളാഴ്ചയോടെ ബന്ദികളെ തിരിച്ചെത്തിക്കാനാവുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇത് മഹത്തായ ഒരു ദിവസമാണെന്നും ലോകം മുഴുവന്‍ ഇതിനായി ഒരുമിച്ച് വന്നുവെന്നും ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. മുഴുവന്‍ ബന്ദികളേയും തിങ്കളാഴ്ച തന്നെ മോചിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിനെ സംബന്ധിച്ച് മഹത്തായ ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ഹമാസ് തടവിലുള്ള ബന്ദികളെല്ലാം ഉടന്‍ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു.

ഗസ സമാധാന കരാറിനെ യു.എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് സമാധാനകരാര്‍ യാഥാര്‍ഥ്യമായതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സമ്പൂര്‍ണമായൊരു വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.