
Karanataka Big Boss stopped എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി മുന്നോട്ട് പോകുന്ന ബിഗ് ബോസിന് ഒടുവില്‍ പൂട്ട് വീണു. ജോളിബുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്‌സ് പരിസരം അടച്ചുപൂട്ടിയതോടെ കന്നഡ ബിഗ് ബോസ് റിയാലിറ്റിഷോ നിര്‍ത്തിവച്ചു. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
![]() |
|
കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണ്‍ അവതരിപ്പിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപ് ആണ്. അടുത്ത കാലത്താണ് സീസണ്‍ 12 ആരംഭിച്ചത്.
അടച്ചുപൂട്ടല്‍ നടപടികള്‍ക്ക് രാമനഗര തഹസില്‍ദാര്‍ തേജസ്വിനി മേല്‍നോട്ടം വഹിച്ചു. ഷോ നിര്‍ത്തിവെച്ചതോടെ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 700-ല്‍ അധികം പേര്‍ ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ആറുമാസമായി ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു.
അഞ്ചുകോടിയിലേറെ രൂപ ചെലവിട്ട് നിര്‍മിച്ചതാണ് ബിഗ് ബോസിന്റെ സെറ്റ്. ബംഗ്ലാവിന്റെ രൂപത്തില്‍ കിച്ച സുദീപിന്റെ മേല്‍നോട്ടത്തില്‍ കൂടിയായിരുന്നു ഈ വീടിന്റെ നിര്‍മാണം നടത്തിയത്. നിയമലംഘനത്തിനു നോട്ടീസ് നല്‍കിയിട്ടും ബിഗ്‌ബോസ് പ്രവര്‍ത്തകര്‍ അത് തുടര്‍ന്നെന്നും ആരും നിയമത്തിനു അതീതരല്ലെന്നും സംസ്ഥാന വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ബെംഗളൂരുവില്‍ പറഞ്ഞു. ബിഗ് ബോസില്‍ ഉപയോഗിച്ച വൈദ്യുതിഉറവിടം പോലും നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ പറയുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കുമോ എന്ന ചോദ്യത്തിന് നിയമവ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടി പ്രതീക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു. കോടതിയെ സമീപിക്കാന്‍ അവര്‍ക്ക് അവസരമുണ്ടെന്നും ബിഗ് ബോസ് നിര്‍മാതാക്കള്‍ക്ക് അപ്പീല്‍ നല്‍കാമെന്നും ഖണ്ഡെ കൂട്ടിച്ചേര്‍ത്തു.
രാമനഗര ജില്ലയിലെ ബിദാദിയില്‍ സ്ഥിതി ചെയ്യുന്ന വെല്‍സ് സ്റ്റുഡിയോസ് ആന്റ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന 35 ഏക്കര്‍ വരുന്ന ജോളിബുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്‌സിലാണ് കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ നടത്തിവന്നത്.