ഡല്‍ഹിയില്‍ ആര്‍എസ്എസ് ഓഫീസിന്റെ പാര്‍ക്കിങ് പണിയുന്നതിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം പൊളിച്ചു മാറ്റിയതായി പരാതി. ജണ്ഡേവാലയില്‍ ആര്‍എസ്എസ് മന്ദിരത്തിന്റെ പാര്‍ക്കിങ്ങിനായി 1500ഓളം വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റിയതായി എബിപി ന്യൂസ് ആണ് റിപോര്‍ട്ട് ചെയ്തത്.
|
ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് ക്ഷേത്രം പൊളിച്ചത്. പ്രതിഷേധവുമായെത്തിയ പ്രദേശവാസികള്‍ ക്ഷേത്രം പൊളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറത്തറിയുന്നത്. ‘ആര്‍എസ്എസിന് കോടിക്കണക്കിന് വിലമതിക്കുന്ന കെട്ടിടം ഉണ്ടായിരിക്കാം, പക്ഷേ അവര്‍ക്ക് പാര്‍ക്കിംഗ് ആവശ്യമുള്ളപ്പോള്‍ സമീപത്തുള്ള ഏകദേശം 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുമാറ്റുന്നു!’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് എംസിഡി ജണ്ഡേവാലയിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപമുള്ള പ്രദേശങ്ങള്‍ കയ്യേറ്റ വിരുദ്ധ നടപടിയുടെ ഭാഗമെന്ന് പറഞ്ഞ് പൊളിച്ചുനീക്കിയത്. ഏകദേശം 45 ദിവസം മുമ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നടപടിക്രമങ്ങള്‍ പാലിച്ചാണ് പൊളിച്ചതെന്നും താമസക്കാര്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കോര്‍പറേഷന്‍ അധികാരികള്‍ പറഞ്ഞതായി എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷനിലുടനീളം ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
അതേസമയം, പൊളിക്കുന്നതിന് മുന്‍പ് തങ്ങള്‍ക്ക് മതിയായ അറിയിപ്പ് നല്‍കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കെട്ടിടങ്ങള്‍ ‘അപകടകരമായ സ്ഥലത്താണ്’ സ്ഥിതി ചെയ്യുന്നതെന്നും മിക്ക താമസക്കാരും നേരത്തെ തന്നെ സ്ഥലം മാറിപ്പോയെന്നും ഒഴിഞ്ഞുപോകേണ്ടിയിരുന്ന ചുരുക്കം ചില താമസക്കാര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെന്നും ഒരു ഡല്‍ഹി കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.





