04
Dec 2025
Wed
04 Dec 2025 Wed
rahul mamkootathil

ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനൊരുങ്ങുന്നതായി സൂചന. ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും. രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്ന കാര്യത്തില്‍ നേതാക്കള്‍ തിരക്കിട്ട കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.

whatsapp രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്; നേതാക്കള്‍ തിരക്കിട്ട കൂടിയാലോചനയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അടക്കമുള്ളവരുമായി കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന തോവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനെ പുറത്താക്കണമെന്ന നിലപാടിലാണ്.

ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി

രാഹുലിനെ ഒരു കാരണവശാലും പൊതുരംഗത്ത് നിര്‍ത്താനാവില്ലെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവര്‍ക്കും സമാനമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും മുരളീധരന്‍ നല്‍കി.

ALSO READ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു; രാഹുലിനെതിരേ പരാതിയുമായി മറ്റൊരു യുവതി കൂടി

രാഹുലിനെതിരേ ലൈംഗിക പീഡന പരാതിയുമായി രണ്ടാമതൊരു യുവതി കൂടി രംഗത്തെത്തിയതോടെയാണ് നടപടികള്‍ വേഗത്തിലാവുന്നത്. വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി ബലാല്‍സംഗം ചെയ്തു, ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രാഹുലിനെതിരേ ഉയര്‍ന്നിരിക്കുന്നത്.

നടിയുടെ മൊഴിയെടുത്ത് പോലീസ്

അതേസമയം, ഒളിവില്‍ പോയ രാഹുലിനെ തേടി പോലീസ് അന്വേഷണം ശക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ എം.എല്‍.എക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. രാഹുലിന് രക്ഷപ്പെടാന്‍ കാര്‍ നല്‍കിയ സിനിമ നടിയെ വിളിച്ച് എസ്.ഐ.ടി വിവരങ്ങള്‍ തേടി. എം.എല്‍.എ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന പോളോ കാര്‍ സിനിമാനടിയുടേതുതന്നെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.

രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്നായിരുന്നു നടിയോട് ചോദിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് മറുപടി നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് രാഹുലിന്റെ ഭവനനിര്‍മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് ചുവന്ന കാറെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബംഗളുരുവിലാണ് നടി ഉള്ളതെന്നാണ് സൂചന. പാലക്കാട് കുന്നത്തൂര്‍മേട്ടിലുള്ള രാഹുലിന്റെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.ചുവന്ന പോളോ കാര്‍ രണ്ടാഴ്ചയായി ഫ്‌ലാറ്റിലുണ്ടായിരുന്നതായും വ്യാഴാഴ്ചക്കുശേഷം കാര്‍ ഫ്‌ലാറ്റില്‍ വന്നിട്ടില്ലെന്നും കെയര്‍ടേക്കര്‍ മൊഴി നല്‍കി.