പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷാഹുല്‍ ഹമീദിനെ അഞ്ച് ദിവസത്തെ എന്‍ഐ കസ്റ്റഡിയില്‍ വിട്ടു. കൊച്ചി എന്‍ഐഎ കോടതിയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡി അനുവദിച്ചത്.
|
കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തിലാണ് ഷാഹുല്‍ ഹമീദ് അറസ്റ്റിലായത്. ഒമാനിലായിരുന്നു ഷാഹുല്‍ ഹമീദിനെതിരേ ഹമീദിനെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരന്നു. നവംബര്‍ 27 ന് പുലര്‍ച്ചെ 4.15 ന് ഒമാനില്‍ നിന്ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ഷാഹുല്‍ ഹമീദിനെതിരെയുള്ള ആരോപണങ്ങള്‍
നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ അംഗമാണ് ഷാഹുല്‍ ഹമീദെന്നും രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള സംഘടനയുടെ ‘ഇന്ത്യ 2047’ അജണ്ടയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
ALSO READ: അര്‍ധരാത്രിയില്‍ കൈവണ്ടിയുമായെത്തി എടിഎം മുഴുവനായി അഴിച്ചെടുത്തു കൊണ്ടുപോയി മോഷ്ടാക്കള്‍
ഭീകര സംഘത്തില്‍ പങ്കുചേരല്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന് ശേഷം പതിനെട്ടാം പ്രതിക്ക് ഒളിത്താവളം ഒരുക്കല്‍, കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദത്തിനും പൊതു സമാധാനത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്.
മൂന്ന് വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി, കുറ്റകൃത്യത്തിന് മുന്‍പും ശേഷവും വിദേശത്ത് വെച്ച് രഹസ്യ ആശയവിനിമയങ്ങള്‍ക്കായി വിവിധ ഡിജിറ്റല്‍ ഉപകരണങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കുന്നതിനായി കോടതിയില്‍ ഹാജരാക്കി.
പോലീസ് കസ്റ്റഡി അനാവശ്യമാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി. ഗൂഢാലോചനയില്‍ ഷാഹുല്‍ ഹമീദിന്റെയും മറ്റ് പ്രതികളുടെയും പങ്ക് പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോടതി ഉത്തരവിട്ടു.
നിരോധിക്കപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകരാണ് 2022 ഏപ്രില്‍ 16 ന് പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അദ്ദേഹത്തിന്റെ ബൈക്ക് റിപ്പയര്‍ വര്‍ക്ക്ഷോപ്പിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയത്. എന്‍ഐഎയുടെ ആദ്യ കുറ്റപത്രത്തില്‍ 70-ല്‍ അധികം പ്രതികളുണ്ടായിരുന്നു. സംഘടനയുടെ നിരോധനത്തിന് ഈ കേസിലെ വിവരങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി പ്രധാനമായും ഉപയോഗിച്ചത്. എന്നാല്‍, കേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗത്തിനും ഇതിനകം ഹൈക്കോടതിയും സുപ്രിം കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ട്.


