04
Dec 2025
Wed
04 Dec 2025 Wed
DOGS PROTECT INFANT

നാദിയ: റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വീപിലാണ് ഈ അവിശ്വസനീയ കാഴ്ച്ച.

whatsapp വെറും തറയില്‍ പുതപ്പ് പോലുമില്ലാതെ പബ്ലിക് ടോയ്‌ലറ്റിന് പുറത്തെ കൊടും തണുപ്പില്‍ ചോരക്കുഞ്ഞ്; കാവലായി തെരുവ് നായ്ക്കള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ അനുസരണയോടെ മാറിക്കൊടുത്തു. വെറും തറയില്‍ കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെയായിരുന്നു കുഞ്ഞിന്റെ കിടപ്പ്. ദുപ്പട്ടയില്‍ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നു. എന്നും ആട്ടിയോടിക്കുന്ന നായ്ക്കളാണ് ഇവര്‍. എന്നാല്‍ ആ പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചു…റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ നബാദ്വിപ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ ശിശു സംരക്ഷണ വകുപ്പിന്റെ കരുതലിലാണ് കുഞ്ഞുള്ളത്. ജോലിക്കായി പുറത്തിറങ്ങുമ്പോള്‍ ഓടിച്ചിട്ട് ആക്രമിക്കാറുള്ള അതേ നായ്ക്കളാണ് പിഞ്ചുകുഞ്ഞിന് കാവലായതെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പ്രതികരിക്കുന്നത്. മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.