04
Dec 2025
Wed
04 Dec 2025 Wed
Sanchar Saathi app

Sanchar Saathi App ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ ‘സഞ്ചാര്‍ സാഥി’ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ ബുധനാഴ്ച പിന്‍വലിച്ചു. ആപ്പ് സ്വകാര്യത ലംഘിക്കുന്നതാണെന്ന് ആരോപിച്ച് മൊബൈല്‍ നിര്‍മാതാക്കളില്‍ നിന്നും കടുത്ത എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്.

whatsapp എതിര്‍പ്പ് രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു; സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമില്ല
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഞ്ചാര്‍ സാഥിയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതുവരെ 1.4 കോടി ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍, ആറ് ലക്ഷംപേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സഞ്ചാര്‍ സാഥിയുടെ സ്വീകാര്യത വര്‍ധിക്കുന്നത് കണക്കിലെടുത്ത്, മൊബൈല്‍ നിര്‍മാതാക്കള്‍ പ്രീ-ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ സര്‍്ക്കാര്‍ ഉത്തരവിനെതിരേ നിയമ നടപടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നടപടി. ആപ്പ് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ വ്യക്തമാക്കിയിരന്നു.

ALSO READ: ദുബൈ-കോഴിക്കോട് ഇന്‍ഡിഗോ വിമാനം പുറപ്പെടാന്‍ വൈകുന്നു; മണിക്കൂറുകളായി യാത്രികര്‍ ദുരിതത്തില്‍

‘എല്ലാ പൗരന്മാര്‍ക്കും സൈബര്‍ സുരക്ഷാ സംവിധാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. ഈ ആപ്പ് സുരക്ഷിതവും സൈബര്‍ കുറ്റവാളികളില്‍ നിന്ന് പൗരന്മാരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊരു ധര്‍മ്മവും ഇതിനില്ല. അവര്‍ക്ക് ഈ ആപ്പ് നീക്കം ചെയ്യാനും സാധിക്കും…’- മന്ത്രി പറഞ്ഞു.

ഇസ്രായേലിന്റെ പെഗസസ് ചാര സോഫ്റ്റ്വെയര്‍ പോലെ, മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഈ നിര്‍ദ്ദേശം സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കുമെന്നും ആപ്പ് ഉപയോഗിച്ച് ജനങ്ങളെളെ ചാരപ്പണി ചെയ്യാന്‍ ഉപയോഗിക്കുമെന്നും ഉള്ള ആശങ്കകള്‍ ഉന്നയിച്ചുകൊണ്ടുള്ള രണ്ട് ദിവസത്തെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

വ്യാജമായതോ തട്ടിപ്പില്‍ ഉള്‍പ്പെട്ടതോ ആയ ഐ.എം.ഇ.എ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് കണ്ടെത്താനെന്ന വാദം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആപ് ഉപഭോക്താക്കള്‍ക്ക് ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ ഉത്തരവിറങ്ങിയത്. സര്‍ക്കാറിന്റെ തീരുമാനത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികള്‍ എതിര്‍പ്പ് അറിയിച്ചെന്നാണ് വിവരം. കേന്ദ്ര ടെലികോം മന്ത്രാലയം ഒരാഴ്ച മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിനു ശേഷം ഡിസംബര്‍ ഒന്നിനാണ് കേന്ദ്രം പരസ്യപ്പെടുത്തുന്നതെന്നും ഇത് തന്നെ സുതാര്യമില്ലായ്മ വ്യക്തമാണെന്നും ആക്ഷേപം ഉയര്‍ന്നു.

എല്ലാ സ്മാര്‍ട്ട്ഫോണുകളിലും സര്‍ക്കാര്‍ പിന്തുണയുള്ള സന്ദേശവിനിമയ ആപ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആഗസ്റ്റില്‍ റഷ്യ പുറപ്പെടുവിച്ച സമാന ഉത്തരവാണ് ഇന്ത്യയും ഇറക്കിയിട്ടുള്ളതെന്നാണ് പൊതുവില്‍ വന്ന വിമര്‍ശനം. ഉപയോക്താക്കളുടെ സൈബര്‍ സുരക്ഷ ഉറപ്പു വരുത്താനും സുഗമമായ ഡിജിറ്റല്‍ അന്തരീക്ഷം സൃഷ്ടിക്കാനുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ടെലികോം മന്ത്രാലയം കഴിഞ്ഞ ജനുവരിയിലാണ് സഞ്ചാര്‍ സാഥി ആപ് വികസിപ്പിച്ചത്.

ചാര സോഫ്റ്റ്വെയര്‍ ‘പെഗാസസി’ന്റെ രണ്ടാംവരവ് എന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് ‘സഞ്ചാര്‍ സാഥി’ ആപ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. ആപ് ഡിലീറ്റ് ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ കഴിയാത്ത തരത്തില്‍ ‘സഞ്ചാര്‍ സാഥി’ ആപ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മൊബൈല്‍ കമ്പനികള്‍ക്ക് ഏതാനും ദിവസം മുമ്പ് നിര്‍ദേശം നല്‍കിയത് വാര്‍ത്താ ഏജന്‍സി ‘റോയിട്ടേഴ്‌സ്’ പുറത്തു കൊണ്ടുവന്നതിന് പിന്നാലെയുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് ഡിലീറ്റ് ചെയ്യാമെന്ന വാദവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നത്.

കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്കാ ഗാന്ധിയും കാര്‍ത്തി ചിദംബരവും ആശങ്കകള്‍ ആപ്പിനതിരേ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. ‘ഇതൊരു അസംബന്ധമാണ്. ഇത് കേവലം ടെലിഫോണുകളില്‍ ചാരപ്പണി നടത്തുന്നതിനെക്കുറിച്ചല്ല മൊത്തത്തില്‍, അവര്‍ ഈ രാജ്യത്തെ ഒരു സ്വേച്ഛാധിപത്യമാക്കി മാറ്റുകയാണ്,’- പ്രിയങ്ക പറഞ്ഞു.

അതേസമയം, ‘ഇത് റഷ്യയിലും ഉത്തര കൊറിയയിലും ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ അവര്‍ നമ്മുടെ സ്വകാര്യ ഫോട്ടോകളിലും വീഡിയോകളിലും ചാരപ്പണി ചെയ്യാന്‍ ആഗ്രഹിക്കുന്നു,’- കാര്‍ത്തി ചിദംബരം പ്രതികരിച്ചു.

എന്താണ് സഞ്ചാര്‍ സാഥി?

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് (DoT) വികസിപ്പിച്ചെടുത്ത ഒരു സുരക്ഷാ പ്ലാറ്റ്ഫോമാണ് സഞ്ചാര്‍ സാഥി. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഉപകരണങ്ങളില്‍ ഒരു ആപ്ലിക്കേഷനായും വെബ് പോര്‍ട്ടലായും ഇത് ലഭ്യമാണ്.

ഡിജിറ്റല്‍ ഐഡന്റിറ്റികള്‍ കൈകാര്യം ചെയ്യാനും, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും, അവരുടെ ഉപകരണങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും, അതുപോലെ ടെലികോം സുരക്ഷയെക്കുറിച്ചും സൈബര്‍ അപകടസാധ്യതകളെക്കുറിച്ചുമുള്ള വിദ്യാഭ്യാസപരമായ വിവരങ്ങള്‍ നല്‍കാനും ആളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.