Thrissur railway parking fire തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗില്‍ വന്‍ തീപ്പിടിത്തം. മുഴുവന്‍ ബൈക്കുകളും കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഏകദേശം 600 ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പ്ലാറ്റ് ഫോം രണ്ടിന്റെ പിന്‍വശത്തായുള്ള പാര്‍ക്കിംഗിലാണ് തീപിടിത്തം.
|
രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് അടുത്തുള്ള ഷെഡാണ് കത്തിയത്. ആളപായമില്ല. പാര്‍ക്കിങ് കേന്ദ്രത്തില്‍ ടിക്കറ്റ് നല്‍കാന്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ആറരയോടെയാണ് പുക ഉയര്‍ന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടര്‍ന്നു പിടിച്ചു. പാര്‍ക്കിങിലുണ്ടായിരുന്ന മുഴുവന്‍ ബൈക്കുകളും കത്തിനശിച്ചു.
റെയില്‍വേ ലൈനിന്റെ മുകളില്‍നിന്ന് ഒരു ബൈക്ക് മൂടിയിട്ടിരുന്ന ഷീറ്റിന് മുകളിലേക്ക് തീവീഴുകയായിരുന്നുവെന്ന് പാര്‍ക്കിങ് കേന്ദ്രത്തിലെ ജീവനക്കാരി മല്ലിക പറഞ്ഞു. താന്‍ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടി. തീ പടര്‍ന്നതോടെ താന്‍ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികള്‍ കുറവ്. അല്ലെങ്കില്‍ ആയിരത്തോളം വണ്ടികള്‍ ഉണ്ടാകും- മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.
സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാന്‍ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാന്‍ ചെന്നപ്പോഴേക്കും തീ ആളിപ്പടര്‍ന്നുവെന്ന് യാത്രക്കാരിലൊരാള്‍ പ്രതികരിച്ചു.





