30
Jan 2026
Wed
30 Jan 2026 Wed
FIR on violence over demolition drive near Delhi masjid

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റിലെ മസ്ജിദിന് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്കിടെ അക്രമം നടത്തിയെന്നാരോപിച്ച് 35ഓളം പേര്‍ക്കെതിരേ കേസെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ ഡല്‍ഹിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിലുള്ള ഫൈസെ ഇലാഹി മസ്ജിദിന് സമീപം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (MCD) നടത്തിയ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്കിടെ 30-35 ഓളം പേര്‍ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തതായി ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ 12.40-ഓടെ തുര്‍ക്ക്മാന്‍ ഗേറ്റിലെ ബഡി മസ്ജിദിന് സമീപം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുമ്പോള്‍ മുപ്പത്തഞ്ചോളം വരുന്ന ആള്‍ക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാരിക്കേഡുകള്‍ക്ക് നേരെ നീങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
പ്രദേശം ബിഎന്‍എസ്എസ് (BNSS) സെക്ഷന്‍ 163-ന്റെ പരിധിയിലാണെന്നും ഉടന്‍ പിരിഞ്ഞുപോകണമെന്നും ഉച്ചഭാഷിണിയിലൂടെ പോലീസ് അറിയിച്ചു. എന്നാല്‍ ഇത് അനുസരിക്കാത്ത ആള്‍ക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു.

ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പോലീസുകാരന്റെ കയ്യില്‍ നിന്നും സര്‍ക്കാര്‍ വക ഉച്ചഭാഷിണി തട്ടിയെടുത്ത് നശിപ്പിച്ചു. കല്ലേറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാര്‍ സ്വത്തുക്കള്‍ക്ക് നാശമുണ്ടാകുകയും ചെയ്തു.

ALSO READ: ഡല്‍ഹിയില്‍ മസ്ജിദ് പരിസരത്തെ നിര്‍മിതികള്‍ പോലീസ് സംരക്ഷണയില്‍ പൊളിച്ചുനീക്കി; കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്ക്

കല്ലേറില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സമീര്‍, മുഹമ്മദ് അരിബ്, മുഹമ്മദ് കാസിഫ്, മുഹമ്മദ് അദ്‌നാന്‍, മുഹമ്മദ് കൈഫ് എന്നീ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ മാധുര്‍ വര്‍മ്മ പറഞ്ഞു.

മസ്ജിദിനും ദര്‍ഗയ്ക്കും ചുറ്റുമുള്ള 0.195 ഏക്കര്‍ ഭൂമിയിലെ വിവാദ നിര്‍മ്മാണങ്ങള്‍ (കല്യാണ മണ്ഡലം, ഡിസ്‌പെന്‍സറി എന്നിവയുള്‍പ്പെടെ) പൊളിച്ചുനീക്കുന്നതിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി തുടങ്ങിയത്. നൂറിലധികം വര്‍ഷം പഴക്കമുള്ള പള്ളി വഖഫ് സ്വത്താണെന്നും അതില്‍ തൊട്ടിട്ടില്ലെന്നും മാനേജിംഗ് കമ്മിറ്റി വ്യക്തമാക്കി.

പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍, അക്രമം, കലാപം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ചാന്ദ്നി മഹല്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക