ജിദ്ദ: സൗദി അറേബ്യന്‍ ആഭ്യന്തര സുരക്ഷയുടെ നട്ടെല്ലായിരുന്ന ആഭ്യന്തര മന്ത്രാലയം ഓപ്പറേഷന്‍സ് വിഭാഗം സഹമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ സഈദ് ബിന്‍ അബ്ദുല്ല അല്‍ഖഹ്താനി അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
|
മയ്യിത്ത് നമസ്‌കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാന്‍ഡ് മോസ്‌കില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം നടന്നു. ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നാഇഫ് നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. 60 വര്‍ഷക്കാലം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച അല്‍ഖഹ്താനി, സത്യസന്ധതയുടെയും തൊഴില്‍പരമായ മികവിന്റെയും ഉത്തമ മാതൃകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു.
ALSO READ: സ്വന്തം കാര്യം നോക്കി നടന്നില്ലെങ്കില്‍ ട്രംപിനെ അട്ടിമറിക്കുമെന്ന് ആയത്തുല്ല ഖാംനഇ
കിങ് ഫഹദ് സെക്യൂരിറ്റി കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം സുരക്ഷാ മേഖലയില്‍ പ്രവേശിച്ച അല്‍ഖഹ്താനി പ്രിസണ്‍ ജനറല്‍ ഡയറക്ടറേറ്റ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സുപ്രധാന വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചു.
ഹജ്ജ് സുരക്ഷാ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. വര്‍ഷങ്ങളോളം മിനായിലെ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റുകളെ നയിച്ച അദ്ദേഹം മക്ക റീജിയനല്‍ പോലീസ് ഡയറക്ടറായും പബ്ലിക് സെക്യൂരിറ്റി ഡയറക്ടറായും മികവ് തെളിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സഹമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷാ ഭൂപടം രൂപപ്പെടുത്തുന്നതില്‍ അല്‍ഖഹ്താനി വഹിച്ച പങ്ക് വലുതാണ്.





