A new low for rupee ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ 31 പൈസ കുറഞ്ഞ് 91.28 എന്ന റെക്കോഡ് താഴ്ചയിലാണ് രൂപ എത്തിയത്. ചൊവ്വാഴ്ച 90.97 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിച്ചിരുന്നത്. മെറ്റല്‍ ഇറക്കുമതിക്കാരുടെ ഭാഗത്തുനിന്നുള്ള ഡോളറിന്റെ വര്‍ധിച്ച ആവശ്യകതയും വിദേശ നിക്ഷേപം വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നതുമാണ് രൂപയെ തളര്‍ത്തുന്നത്.
|
ഫോറെക്‌സ് ട്രേഡര്‍മാരുടെ അഭിപ്രായത്തില്‍, ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും അമേരിക്കന്‍ സാമ്പത്തിക നയങ്ങളും വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 2025-ല്‍ മാത്രം രൂപയുടെ മൂല്യത്തില്‍ 4.95% ഇടിവുണ്ടായി. ഓഹരി വിപണിയിലെ തളര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറുന്നതും രൂപയ്ക്ക് തിരിച്ചടിയായി. 2025 ഡിസംബര്‍ 16-നായിരുന്നു ഇതിനുമുമ്പ് രൂപ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയത് (91.14).
ALSO READ: സ്വര്‍ണ വിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്; ഇന്ന് പവന് കൂടിയത് 3,680 രൂപ
ജനുവരിയില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നിന്നും ഓഹരികളില്‍ നിന്നുമായി 2.7 ബില്യണ്‍ ഡോളറിലധികം പിന്‍വലിച്ചതായി എന്‍.എസ്.ഡി.എല്‍ (NSDL) കണക്കുകള്‍ വ്യക്തമാക്കുന്നു. രൂപയുടെ മൂല്യം 91 കടന്നപ്പോള്‍ കേന്ദ്ര ബാങ്ക് (RBI) ഇടപെടലുകള്‍ നടത്തിയതായി മെക്ലായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡെപ്യൂട്ടി സിഇഒ റിതേഷ് ബന്‍സാലി പറഞ്ഞു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഓഹരി വിപണിയിലെ ഇടിവ്, ആഗോള അനിശ്ചിതത്വങ്ങള്‍ എന്നിവ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപയുടെ മൂല്യത്തകര്‍ച്ചയുടെ വേഗത നിയന്ത്രിക്കാനാണ് കേന്ദ്ര ബാങ്ക് ശ്രമിക്കുന്നതെന്നും എന്നാല്‍ വിദേശനാണ്യ ശേഖരം അമിതമായി ചെലവഴിക്കാന്‍ ബാങ്ക് താല്പര്യപ്പെടുന്നില്ലെന്നും പൊതുമേഖലാ ബാങ്കിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.





