15
Feb 2026
Sun
15 Feb 2026 Sun
India Pakistan T20 World Cup

India vs Pakistan match ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നത് വേഗത കുറഞ്ഞ പിച്ച്. വെള്ളിയാഴ്ച സിംബാബ്‌വെ ഓസ്‌ട്രേലിയ മത്സരം നടന്ന അതേ പിച്ചിലാണ് മത്സരം നടക്കുക. ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിക്കുന്ന വേഗത കുറഞ്ഞ പിച്ചാണ് ഇത്. ഇതിനൊപ്പം മഴ ഭീഷണിയും പിച്ചിന്റെ സ്വഭാവത്തെ സ്വാധീനിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്പിന്നര്‍മാര്‍ക്ക് മേധാവിത്വമുള്ള മത്സരമായിരിക്കും പ്രേമദാസയിലേതെന്നാണ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ പറഞ്ഞത്. അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ അഞ്ചു സ്പിന്നര്‍മാരെ പാകിസ്ഥാന്‍ കളിപ്പിച്ചേക്കും. അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, സയിം അയൂബ് എന്നിവരെ കളത്തിലിറക്കാനാണ് സാധ്യത. ഇന്ത്യന്‍ നിരയില്‍ വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് സാധ്യത.

സ്ലോ പിച്ചാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ പേസര്‍മാരാണ് കളി നിയന്ത്രിച്ചത്. ഏഴു വിക്കറ്റാണ് സിംബാബ്‌വെ പേസര്‍മാര്‍ നേടിയത്. മുസബറാനി 17 റണ്‍സ് വിട്ടു കൊടുത്ത് നാലു വിക്കറ്റെടുത്തു. മറ്റൊരു പേസര്‍ ബ്രാഡ് ഇവാന്‍സ് 17 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. അതിനാല്‍ പേസര്‍മാരുടെ പ്രകടനവും മാറ്റനിര്‍ത്താന്‍ സാധിക്കില്ല. ഇന്നലെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പാക് ക്യാപ്റ്റന്‍ ഇക്കാര്യവും സൂചിപ്പിച്ചു.

‘പേസര്‍ക്കും കളിയില്‍ നിര്‍ണായക പങ്കുണ്ടാകും. അവര്‍ക്ക് തീര്‍ച്ചയായും റോളുണ്ടാകും. ഞങ്ങള്‍ക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. അതുപോലെ ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച പേസര്‍മാരും’ എന്നാണ് സല്‍മാന്‍ വ്യക്തമാക്കിയത്. വലിയ ബൗണ്ടറിയും ഉപയോഗിച്ച പിച്ചും ചേരുമ്പോള്‍ അറ്റാക്കിങ് ബാറ്റിങ് നടത്തുന്ന ഇന്ത്യന്‍ നിരയ്ക്ക് പരീക്ഷണമായേക്കാം എന്നാണ് നിരീക്ഷണം.

തിരിച്ചടിയായി മഴ ഭീഷണി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് കൊളംബോയിലെ ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തില്‍ മഴ കളിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നത്. ഇന്നലെ കൊളംബോയില്‍ മഴ പെയ്തിരുന്നു. ഇന്ത്യയുടെ പരിശീലന സെഷനെ അടക്കം ഇത് ബാധിച്ചു. നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്ന ഇന്ത്യ ചെറിയ മഴയെ തുടര്‍ന്ന് ഇന്‍ഡോര്‍ നെറ്റ്‌സിലേക്ക് പരീശീലനം മാറ്റുകയായിരുന്നു.

പകല്‍ നേരത്തും സ്റ്റേഡിയം ഉള്‍പ്പെടുന്ന കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 96 ശതമാനമാണെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. രാവിലെ മഴ പെയ്യുന്നത് പിച്ചിന്റെ സ്വഭാവത്തെ മാറ്റിയേക്കാം. ഇത് സ്പിന്‍ ബോളിങ് കൂടുതല്‍ അനുകൂലമായേക്കാം.

ഞായറാഴ്ച്ച മഴയും ഇടിമിന്നലുമുണ്ടാകുമെന്നാണ് പ്രവചനം. മഴ മാറിനിന്നാല്‍ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ആവേശച്ചൂട് നിറയുന്ന കളി കാണാം. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. ട്വന്റി-2 ക്രിക്കറ്റില്‍ അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

വിവാദങ്ങള്‍ക്കു ശേഷം

ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, മത്സരം അനിശ്ചിതത്വത്തിലായി. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. പിന്നീട് നടന്ന ചര്‍ച്ചകളെത്തുടര്‍ന്നാണ് പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

ഐ.പി.എലില്‍നിന്ന് ബംഗ്ലാദേശ് കളിക്കാരന്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യയില്‍ കളിക്കില്ലെന്നും വേദി മാറ്റണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇതനുവദിച്ചില്ല. ഇതോടെയാണ് ബംഗ്ലാദേശ് പിന്‍മാറിയത്.

അഭിഷേക് ശര്‍മ തിരിച്ചെത്തും

അസുഖം മാറിയ അഭിഷേക് ശര്‍മ ഓപ്പണറുടെ റോളിലേക്ക് തിരിച്ചെത്തും. അങ്ങനെയെങ്കില്‍ മലയാളിതാരം സഞ്ജു സാംസണ്‍ പുറത്താകും. ബാറ്റിങ് ലൈനപ്പില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച ട്രാക്ക് റെക്കോഡുള്ള അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശിവം ദുബെ എന്നിവരുടെ പ്രകടനം നിര്‍ണായമാകും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്കുയര്‍ന്നതും ഇന്ത്യന്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.