ന്യൂഡല്‍ഹി: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ ‘വലിയ പുരോഗതി’ കൈവരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം ഏതാണ്ട് പൂര്‍ണ്ണമായി ചര്‍ച്ച ചെയ്ത് കഴിഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് റൂബിയോയുടെ ഈ പ്രതികരണം.
|
തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റൂബിയോ ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതു മുതല്‍ ഇറാന് ഭാഗികമായി തടഞ്ഞിട്ടിരിക്കുന്ന ‘ഹോര്‍മുസ് കടലിടുക്കുമായി’ (Strait of Hormuz) ബന്ധപ്പെട്ട ട്രംപിന്റെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതായിരിക്കും പുതിയ കരാറെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്, വളരെ സുപ്രധാനമായ പുരോഗതി. എങ്കിലും ഇത് അന്തിമമായ തീരുമാനമല്ല,’ റൂബിയോ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.’ ഇറാന് ആണവായുധം നിര്‍മ്മിക്കുമെന്ന ഭയമോ ആശങ്കയോ ലോകത്തിന് ഇനി ഉണ്ടാകരുതെന്ന പ്രസിഡന്റിന്റെ ലക്ഷ്യത്തിലേക്ക് ഒടുവില്‍ നമ്മെ എത്തിക്കുന്ന ഒരു പ്രക്രിയയ്ക്ക് ഈ കരാര്‍ തുടക്കം കുറിക്കുമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
30 ദിവസത്തിനുള്ളില്‍ ഹോര്‍മുസ് സാധാരണ നിലയിലാക്കും
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (IRGC) അടുത്ത ബന്ധമുള്ള തസ്നിം (Tansim) വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, സാധ്യതാ ധാരണാപത്രം അനുസരിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധത്തിന് മുന്‍പത്തെ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരും. ‘കരാറിലെത്തിയാല്‍ ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണ്ണമായി പഴയപടിയാകില്ല; പകരം, കടന്നുപോകാന്‍ അനുവദിക്കുന്ന കപ്പലുകളുടെ എണ്ണം 30 ദിവസത്തിനുള്ളില്‍ യുദ്ധത്തിന് മുന്‍പത്തെ നിലയിലേക്ക് പുനഃസ്ഥാപിക്കും,’ തസ്നിം റിപ്പോര്‍ട്ട് ചെയ്തു.
സാധ്യതാ ധാരണാപത്രം അനുസരിച്ച് ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള യുഎസിന്റെ നാവിക ഉപരോധം 30 ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായും നീക്കണമെന്നും, കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇറാന്റെ മരവിപ്പിച്ച ഫണ്ടിന്റെ ഒരു ഭാഗം വിട്ടുനല്‍കണമെന്നും തസ്നിം വ്യക്തമാക്കി. ലെബനന് ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഈ കരാറിന്റെ ഭാഗമാണ്. ഹോര്‍മുസ് കടലിടുക്കിലെ നടപടികള്‍ 30 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കരാര്‍ ഒപ്പിട്ട് 60 ദിവസത്തേക്ക് കൂടി തുടരുമെന്നും തസ്നിം റിപ്പോര്‍ട്ട് ചെയ്തു.
ആവണ വിഷയം രണ്ടാം ഘട്ടത്തില്‍
ആദ്യത്തെ 30 ദിവസത്തെ കാലയളവിന് ശേഷം, ആണവ പ്രശ്നത്തില്‍ ധാരണയിലെത്താന്‍ ഇരുപക്ഷത്തിനും 30 ദിവസത്തെ സമയം ലഭിക്കുമെന്നും പരസ്പര സമ്മതത്തോടെ ഈ സമയം നീട്ടാമെന്നും അല്‍ ജസീറയുടെ പ്രതിനിധി അലി ഹാഷെം പറഞ്ഞു. ഈ പ്രാരംഭ ഘട്ടത്തില്‍ കടലിടുക്കിലൂടെയുള്ള ഗതാഗതം സുഗമമാക്കും. ഇറാന്റെ അഭിപ്രായത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്മെന്റ് ഇറാന്-ഒമാന്‍ ഉഭയകക്ഷി വിഷയമാണ്, ഇതിനായി മസ്കറ്റുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തില്‍ തങ്ങളുടെ മരവിപ്പിച്ച ഫണ്ടുകളില്‍ ഒരു ഭാഗമെങ്കിലും വിട്ടുകൊടുത്താല്‍ മാത്രമേ അമേരിക്കയുമായുള്ള ഏതൊരു കരാറിനും തയ്യാറാകൂ എന്ന് ഇറാന് ഊന്നിപ്പറഞ്ഞതായി തസ്നിം റിപ്പോര്‍ട്ട് ചെയ്തു.
‘കരാറിലെ മറ്റ് പല ഘടകങ്ങള്‍ക്കും പുറമെ, ഹോര്‍മുസ് കടലിടുക്ക് തുറക്കും,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ (Truth Social) പ്ലാറ്റ്ഫോമില്‍ കുറിച്ചു. യുദ്ധം ആരംഭിച്ചതു മുതല്‍ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഈ വഴി അടഞ്ഞുകിടക്കുകയായിരുന്നു. ചില കപ്പലുകള്‍ക്ക് മാത്രമാണ് പരിമിതമായ സുരക്ഷിത പാത ലഭിച്ചിരുന്നത്. ഈ പുതിയ നീക്കം ആഗോള ഊര്‍ജ്ജ വിലയിലുണ്ടായ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ടെഹ്റാനില്‍ നിന്നുള്ള അല്‍ ജസീറയുടെ റസൂല്‍ സെര്‍ദാര്‍ അതസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്: ‘ചര്‍ച്ചകള്‍ ഇപ്പോഴും വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലാണ്, പ്രത്യേകിച്ച് ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍. അത് പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍, രണ്ടാം ഘട്ടം ആണവ ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കും. പതിറ്റാണ്ടുകളായി ഈ വിഷയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുപക്ഷത്തിനും ഇതുവരെ ഒരു സ്ഥിരമായ കരാറിലെത്താന്‍ കഴിഞ്ഞിട്ടില്ല.’
അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഈ യുദ്ധത്തിനുള്ള ജനപ്രീതിയില്ലായ്മയും സ്വന്തം റേറ്റിംഗിലുണ്ടായ ഇടിവും കണക്കിലെടുത്ത്, താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഈ കരാറിലൂടെ നേടിയെടുത്തു എന്ന് വരുത്തിതീര്‍ക്കാനാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള അല്‍ ജസീറ പ്രതിനിധി കിംബര്‍ലി ഹാല്ക്കറ്റ് വിലയിരുത്തി.
Marco Rubio says ‘significant progress’ made in US-Iran talks to end war



