വിയറ്റ്നാമിലെ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യൻ സഞ്ചാരികളാണെന്നാണ് ഹനോയിയിലെ ഇന്ത്യൻ എംബസി നൽകുന്ന വിവരം. അപകടം നടക്കുമ്പോൾ ബോട്ടിൽ 36 യാത്രക്കാരുണ്ടായിരുന്നു.
|
അപകടത്തിൽപ്പെട്ട 21 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് വിയറ്റ്നാം ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യൻ എംബസി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ഹോൺ മേ റൂട്ട് എൻഗോയ് (Hon May Rut Ngoai) ദ്വീപിൽ നിന്ന് അൻ തോയ് (An Thoi) തുറമുഖത്തേക്ക് പോവുകയായിരുന്ന ബോട്ട്, ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ടാണ് മറിഞ്ഞത്. ബോട്ട് മറിഞ്ഞ ഉടൻ തന്നെ യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
അപകടത്തെക്കുറിച്ച് ഹനോയിയിലെ ഇന്ത്യൻ എംബസി എക്സിൽ (X) കുറിച്ചതിങ്ങനെ:
“വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നു. പ്രാദേശിക അധികൃതരുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.”
അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ പ്രാദേശിക അധികൃതർ ശ്രമിച്ചുവരികയാണെന്ന് എംബസി കൂട്ടിച്ചേർത്തു.
ബാധിക്കപ്പെട്ട വിനോദസഞ്ചാരികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ (Ho Chi Minh City) ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിലും ഹനോയിയിലെ (Hanoi) ഇന്ത്യൻ എംബസിയിലുമാണ് കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്.
അടിയന്തര സഹായത്തിനായുള്ള നമ്പറുകൾ:
-
ഹോ ചി മിൻ സിറ്റി കൺട്രോൾ റൂം: +84 36 281 7930, +84 91 552 37 14, +84 33 452 0414
-
ഹനോയി കൺട്രോൾ റൂം: +84 91 308 9165
അപകടവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും സഹായങ്ങൾക്കും ഇരു കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണെന്ന് ഇന്ത്യൻ മിഷൻ അറിയിച്ചു.
15 Killed As Boat With Indian Tourists Overturns In Vietnam





