02
Oct 2026
Fri
02 Oct 2026 Fri
Risha Hussain

മക്ക: ഉംറ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും വാര്‍ത്താ അവതാരകയുമായ റിഷ ഹുസൈനെ (Risha Hussain) സൗദി അധികൃതര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ദേശീയ വാര്‍ത്താ ചാനലായ ‘ടിവി9 ഭാരത്വര്‍ഷി’ല്‍ (TV9 Bharatvarsh) ജോലി ചെയ്യുന്ന റിഷയെക്കുറിച്ച് സെപ്റ്റംബര്‍ 30 ബുധനാഴ്ചയ്ക്ക് ശേഷം വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയ്പൂര്‍ സ്വദേശിയായ റിഷ ഹുസൈന്‍ സെപ്റ്റംബര്‍ 28 തിങ്കളാഴ്ച രാവിലെയോടെയാണ് ന്യൂഡല്‍ഹിയില്‍ നിന്നും സൗദിയിലേക്ക് പുറപ്പെട്ടതെന്ന് സഹോദരി കൈനാത് ജാഫ്രി പറഞ്ഞു. ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്കയില്‍ നിന്ന് മദീനയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു റിഷ.

സുഹൃത്തിന് അയച്ച സന്ദേശം; തുടര്‍ന്ന് വിവരമൊന്നുമില്ല

ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6-നും 7-നും ഇടയിലാണ് റിഷ അവസാനമായി തന്റെ സുഹൃത്തുമായി ബന്ധപ്പെട്ടത്. താന്‍ കസ്റ്റഡിയിലാണെന്നും വിവരം കുടുംബത്തെ അറിയിക്കണമെന്നും അവര്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. അതിനുശേഷം ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

അതേസമയം, സൗദി അധികൃതര്‍ ഇവരെ കസ്റ്റഡിയിലെടുക്കാനുണ്ടായ കൃത്യമായ സാഹചര്യമോ കാരണങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. ഉംറ വേളയില്‍ മക്കയില്‍ നിന്നുള്ള ചിത്രങ്ങളും വിശുദ്ധ കഅ്ബ കഴുകുന്നതും ത്വവാഫ് ചെയ്യുന്നതുമടക്കമുള്ള വീഡിയോകളും റിഷ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

ആരാണ് റിഷ ഹുസൈന്‍?

ഇന്ത്യന്‍ മാധ്യമരംഗത്ത് പ്രശസ്തയായ വാര്‍ത്താ അവതാരകയും റിപ്പോര്‍ട്ടറുമാണ് ജയ്പൂര്‍ സ്വദേശിയായ റിഷ ഹുസൈന്‍. നിലവില്‍ ടിവി9 ഭാരത്വര്‍ഷില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ മുന്‍പ് സീ ന്യൂസ് (Zee News), എന്‍.ഡി.ടി.വി (NDTV), ഫസ്റ്റ് ഇന്ത്യ ന്യൂസ് (First India News) എന്നീ പ്രമുഖ മാധ്യമങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹരിയാനയിലെ നൂഹ് കലാപം, ഒഡീഷ ട്രെയിന്‍ ദുരന്തം തുടങ്ങിയ പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ശ്രദ്ധേയയായ മാധ്യമപ്രവര്‍ത്തക കൂടിയാണ് റിഷ. ഇന്ത്യയുടെ നയതന്ത്ര കാര്യാലയം വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തിലാണ് കുടുംബം.

Tags: Risha Hussain, TV9 Bharatvarsh, Saudi Arabia News, Makkah News, Indian Journalist Detained, Gulf News Malayalam, National News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക