ബിജെപി സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ തെരുവുവിളക്കുകൾ അഴിച്ചുമാറ്റി. രാജസ്ഥാനിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്ഥാനാർഥി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗ്രാമത്തിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ അഴിച്ചുമാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ഉയർന്നത്. ടോങ്ക് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
|
പീപ്പ്ലു പഞ്ചായത്ത് സമിതി വാർഡ് രണ്ടിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പ്രിയങ്ക ശർമയുടെ പരാജയത്തിന് പിന്നാലെയാണ് വിളക്കുകൾ നീക്കം ചെയ്തത്. നിയാവായ് എംഎൽഎ രാംസഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റായ അലോക് ശർമയുടെ ഭാര്യയാണ് പ്രിയങ്ക.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗ്രാമത്തിലെ കോളനികൾ ഇരുട്ടിലാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 24ന് ഗ്രാമങ്ങളിലും ചെറുകുടിയേറ്റ മേഖലകളിലുമായി അമ്പതോളം തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, അനധികൃതമായാണ് വിളക്കുകൾ സ്ഥാപിച്ചതെന്നും അതിനാലാണ് നീക്കം ചെയ്തതെന്നുമാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ നടപടിയുണ്ടായതാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്.
രാജസ്ഥാനിലെ ഗ്രാമീണ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയത്. 1,271 ജില്ലാ പരിഷത്ത് സീറ്റുകളിൽ 794 എണ്ണവും 7,520 പഞ്ചായത്ത് സമിതി സീറ്റുകളിൽ 3,758 എണ്ണവും കോൺഗ്രസ് നേടി. ബിജെപിക്ക് യഥാക്രമം 357, 2,213 സീറ്റുകളാണ് ലഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





