കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) ‘ലഹ്റാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ന്യൂഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി 25,000-ത്തിലധികം പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിക്കാൻ തീരുമാനിച്ചു. കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലും രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലും കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന നടപടികളും ആരംഭിച്ചു.
|
വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധം കണക്കിലെടുത്ത് സെൻട്രൽ പാർക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) അറിയിച്ചു. ഭരണപരമായ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 163-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകളും കനോട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും നിലവിലുണ്ട്.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറിലെ (SIR) ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി നേരത്തെയും സിജെപി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഈ ആഴ്ച പാർട്ടി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പുതിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതോടെയാണ് കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രതിഷേധം നടത്താൻ പാർട്ടി തീരുമാനിച്ചത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനിലെ നേതാവ് നേഹ ബോറയും ആം ആദ്മി പാർട്ടിയും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
പ്രതിഷേധത്തിന്റെ തലേദിവസം ഡൽഹി പൊലീസ് ജനങ്ങളോട് സെൻട്രൽ പാർക്കിൽ ഒത്തുകൂടരുതെന്ന് അഭ്യർഥിച്ചു. വ്യാഴാഴ്ച ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാറിന്റെ അധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗവും ചേർന്നു. നിലവിൽ മെട്രോ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനമില്ലെന്നും അത്തരമൊരു നടപടി അവസാന മാർഗമായി മാത്രമേ പരിഗണിക്കൂവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചയ്ക്കായി അധികമായി 5,000 ഉദ്യോഗസ്ഥരെ കൂടി വിളിച്ചുവരുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ആകെ വിന്യസിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 25,000-ത്തിലധികമാകും. കനോട്ട് പ്ലേസിലെ പ്രധാന വ്യാപാരകേന്ദ്രമായ പാലിക ബസാറിന് സമീപം നിരവധി തടങ്കൽ ബസുകളും ഒരുക്കിയിട്ടുണ്ട്.
അതേസമയം, പ്രതിഷേധ നിയന്ത്രണങ്ങൾ വ്യാപാരത്തെ ബാധിക്കുന്നതായി വ്യാപാരികൾ പരാതിപ്പെട്ടു. ഉത്സവകാലത്ത് കടകൾ അടച്ചിടേണ്ടിവരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നാണ് അവരുടെ ആരോപണം. ജൂലൈയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ സിജെപി പ്രതിഷേധത്തിനിടെ വ്യാപാരം സാധാരണ നിലയുടെ പത്ത് ശതമാനത്തിലേക്ക് താഴ്ന്നിരുന്നുവെന്നും ഏകദേശം 25,000 തൊഴിലാളികൾ ഈ മേഖലയിലെ വ്യാപാരത്തെ ആശ്രയിക്കുന്നുണ്ടെന്നും ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭരഗവ പറഞ്ഞു.
‘പ്രതിഷേധിക്കാൻ അവകാശമുണ്ട്; എന്നാൽ ജീവിക്കാനും ഞങ്ങൾക്ക് അവകാശമുണ്ട്. മെച്ചപ്പെട്ട നാളേക്കായി പ്രതിഷേധിക്കുമ്പോൾ ഇന്നത്തെ ജീവിതം തകർക്കരുത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിഷേധം സമാധാനപരമായി നിയന്ത്രിക്കാനും പൊതുജനങ്ങളുടെയും സ്വകാര്യ സ്വത്തുക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് നിരോധന ഉത്തരവുകൾ നടപ്പാക്കിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. അതേസമയം, അനുയോജ്യമായ സ്ഥലത്ത് തിരഞ്ഞെടുത്ത ഒരു വിഭാഗം ആളുകൾക്ക് ദേശീയ പതാക ഉയർത്താനും ദേശീയഗാനം ആലപിക്കാനും സൗകര്യമൊരുക്കാമെന്നും പൊലീസ് അറിയിച്ചു.
ALSO READ:തിരംഗ യാത്ര നടത്തരുതെന്ന് നിർദേശം; സിജെപി സ്ഥാപകന്റെ വീട്ടിലെത്തി ഡൽഹി പൊലീസ്
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





