14
Oct 2026
Wed
14 Oct 2026 Wed

ജർമനിയിലെ ബൊക്കൂം നഗരത്തിൽ താമസക്കെട്ടിടത്തിന് തീപിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
25, 27 വയസ്സുള്ള രണ്ട് യുവതികളും 26 വയസ്സുള്ള യുവാവുമാണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് അഗ്നിരക്ഷാസേന ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുക ശ്വസിച്ചതിനെത്തുടർന്നാണ് മറ്റ് അഞ്ച് പേർക്ക് പരിക്കേറ്റത്. ഇവരെ ബൊക്കൂമിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ദേശീയത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിൽ തന്നെ താമസിച്ചിരുന്ന 41 വയസ്സുള്ള റൊമാനിയൻ പൗരനെ കൊലപാതകക്കുറ്റം സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറാണെന്ന സാധ്യത അന്വേഷണസംഘം തള്ളിയിട്ടുണ്ട്. തീയിട്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. എന്നാൽ തീ മനഃപൂർവം കൊളുത്തിയതാണോ അബദ്ധത്തിൽ പടർന്നതാണോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

ബൊക്കൂമിലെ ഹോഫ്സ്റ്റെഡെ മേഖലയിലുള്ള ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

തീപടർന്നത് പടിക്കെട്ടിലൂടെ മുകളിലേക്കായതിനാൽ അഗ്നിരക്ഷാസേനയ്ക്ക് അപ്പാർട്ട്മെന്റുകളിലേക്ക് പ്രവേശിക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടു. പുകയും തീയും പടർന്നതോടെ പടിക്കെട്ടുകൾ ഉപയോഗിച്ച് മുകളിലെ നിലകളിലുള്ള താമസക്കാരിലേക്ക് എത്താനും രക്ഷാപ്രവർത്തകർക്കായില്ല.

ALSO READ:ഭർത്താവിനെ കൊന്ന് മൃതദേഹം സിമന്റ് നിറച്ച ഡ്രമ്മിലൊളിപ്പിച്ച ഭാര്യയ്ക്കും കാമുകനും വധശിക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക