08
Nov 2026
Sun
08 Nov 2026 Sun
Palakkad Mundur 5 Year Old Girl Anushree Drowns Construction Pit

പാലക്കാട്: പുതിയ വീടെന്ന സ്വപ്നം ബാക്കിവെച്ച് ആ കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി അഞ്ചുവയസ്സുകാരിയുടെ ദാരുണാന്ത്യം. വീട് നിര്‍മാണത്തിന്റെ ഭാഗമായി തൂണുകള്‍ക്ക് എടുത്ത വെള്ളക്കെട്ടുള്ള കുഴിയില്‍ വീണ് മുണ്ടൂര്‍ പാലക്കീഴ് സ്വദേശികളായ ജഗദീഷിന്റെയും തുളസിയുടെയും മകള്‍ അനുശ്രീ (5) ആണ് മരിച്ചത്. നൊച്ചുപ്പുള്ളി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് മരിച്ച അനുശ്രീ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാടത്തിന് സമീപമുള്ള നിലവിലുള്ള വീടിനോട് ചേര്‍ന്ന് പുതിയ വീട് നിര്‍മിക്കുന്നതിനായി എടുത്ത അഞ്ചടിയോളം താഴ്ചയുള്ള പില്ലര്‍ കുഴിയിലാണ് കുട്ടി അബദ്ധത്തില്‍ വീണത്.

കുട്ടികളുടെ കളിക്കിടെ അപകടം; കുടുക്കിയത് മഴവെള്ളം

നിലവിലുള്ള വീടിന്റെ മുന്‍ഭാഗത്തായി പുതിയ വീടിന്റെ അസ്തിവാര നിര്‍മാണം നടന്നു വരികയായിരുന്നു. മഴക്കാലമായതിനാല്‍ തൂണിനായി കുഴിച്ച അഞ്ചടിയിലധികം താഴ്ചയുള്ള കുഴിയില്‍ നിറയെ വെള്ളം കെട്ടിക്കിടന്നിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

ജഗദീഷും തുളസിയും ചിറ്റൂരിലെ ബന്ധുവീട്ടില്‍ നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് അനുശ്രീയും സഹോദരി അഭിശ്രിയും മറ്റ് പ്രദേശവാസികളായ കുട്ടികളും വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പില്ലര്‍ കുഴിക്ക് സമീപം ചെരിപ്പ്

കളിക്കിടെ പെട്ടെന്ന് അനുശ്രീയെ കാണാതായതോടെ മറ്റു കുട്ടികള്‍ വിവരമറിയിക്കുകയും വലിയച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. വീടിന് മുന്‍വശത്തെ പില്ലര്‍ കുഴിക്ക് സമീപം അനുശ്രീയുടെ ചെരുപ്പുകള്‍ കണ്ടെത്തിയതോടെയാണ് കുഴിയില്‍ വീണതാണെന്ന സംശയമുയര്‍ന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ ആണ്ടുപോയ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ മുണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കോങ്ങാട് പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍ സംസ്‌കാരം നടത്തുകയും ചെയ്തു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

മഴക്കാലത്ത് നിര്‍മാണം നടക്കുന്ന അസ്തിവാരക്കുഴികളും കിണറുകളും സുരക്ഷിതമായി മൂടിവെക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അനുശ്രീയുടെ പെട്ടെന്നുള്ള വേര്‍പാട് മുണ്ടൂര്‍ ഗ്രാമത്തെ ഒന്നാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags: Palakkad Mundur Accident, Child Drowns Construction Pit, Anushree Death Palakkad, Palakkad News Malayalam, Kerala Crime News, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക