മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതി വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപാണ് വരൻ. ഗുരുവായൂരിൽ നടന്ന വിവാഹച്ചടങ്ങിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ രാജൻ മുഖ്യസാന്നിധ്യമായി.
|
2024 ജൂലൈ 30-നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് അച്ഛൻ, അമ്മ, സഹോദരി എന്നിവരടക്കം കുടുംബത്തിലെ ഒൻപത് പേരെ നഷ്ടമായത്. അന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നതിനാൽ ശ്രുതി ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു.
ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്ന ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരനായിരുന്ന അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസനായിരുന്നു. 2024 ഡിസംബറിൽ
ഇരുവരുടെയും വിവാഹം നടത്താനിരിക്കെ സെപ്റ്റംബർ 10-ന് ഉണ്ടായ വാഹനാപകടത്തിൽ ജെൻസനും ജീവൻ നഷ്ടമായി. അന്നത്തെ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ശ്രുതിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
ശ്രുതിക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ. രാജൻ നൽകിയ വാഗ്ദാനത്തെത്തുടർന്ന് റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം ലഭിച്ചു. 2024 ഡിസംബർ ഒൻപതിനാണ് ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെയാണ് വയനാട് കലക്ടറേറ്റിലെ ജീവനക്കാരനായ സന്ദീപുമായി പരിചയത്തിലാകുന്നതും അത് വിവാഹത്തിലെത്തുന്നതും. ഒട്ടേറെ വേദനകളും നഷ്ടങ്ങളും പിന്നിട്ട് ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുകയാണ് ശ്രുതി.
ALSO READ: ഷാർജ ഭരണാധികാരി സുൽത്താൻ അൽ ഖാസിമിയെക്കുറിച്ചുള്ള ആദ്യ തമിഴ് പുസ്തകം പ്രകാശനം ചെയ്തു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




