08
Nov 2026
Sun
08 Nov 2026 Sun
KSEB Delay in Sinnar Power Purchase Agreement

തിരുവനന്തപുരം: സംസ്ഥാനം വന്‍ ഊര്‍ജ്ജ പ്രതിസന്ധിയിലേക്കും വൈദ്യുതി നിരക്ക് വര്‍ദ്ധനവിലേക്കും നീങ്ങുമ്പോള്‍, കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കുന്ന തന്ത്രപ്രധാനമായ കരാറില്‍ ഒപ്പിടാതെ കെ.എസ്.ഇ.ബി (KSEB) ഒളിച്ചുകളിക്കുന്നു. മഹാരാഷ്ട്രയിലെ സിന്നാര്‍ താപവൈദ്യുത നിലയത്തില്‍ നിന്ന് യൂണിറ്റിന് വെറും 5 രൂപ 18 പൈസ നിരക്കില്‍ 25 വര്‍ഷത്തേക്ക് 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന കരാറിലാണ് ബോര്‍ഡ് മാനേജ്മെന്റ് തീരുമാനം വൈകിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ (KSERC) വ്യക്തമായ നിര്‍ദ്ദേശവും ഉത്തരവും നിലനില്‍ക്കെയാണ് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി സ്വീകരിക്കാതെ ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയും സര്‍ക്കാരും നീക്കം നടത്തുന്നത്.

റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവും രാജമാണിക്യം കമ്മിറ്റി ധാരണയും

മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് സിന്നാര്‍ നിലയത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ 270 മെഗാവാട്ടും തുടര്‍ന്ന് 540 മെഗാവാട്ടിലേക്ക് ഉയര്‍ത്താവുന്നതുമായ വൈദ്യുതി ലഭ്യമാക്കാന്‍ തത്വത്തില്‍ ധാരണയായത്. ഇതിന്റെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് (PPA) രേഖകള്‍ കൈമാറിയെങ്കിലും ബോര്‍ഡ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയില്ല.

തുടര്‍ന്ന് വിഷയം പരിശോധിച്ച റെഗുലേറ്ററി കമ്മീഷന്‍, സംസ്ഥാനത്തിന്റെ ഭാവിയിലെ ഊര്‍ജ്ജ ആവശ്യങ്ങളും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് സിന്നാര്‍ കരാറില്‍ എത്രയും വേഗം അന്തിമതീരുമാനം എടുക്കാന്‍ കെ.എസ്.ഇ.ബിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എന്നിട്ടും മാസങ്ങളായി ഫയലുകളില്‍ തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ് മാനേജ്മെന്റ്.

വേനല്‍ക്കാലത്തെ പ്രതിസന്ധിയും കൂടിയ വിലയുള്ള വൈദ്യുതിയും

2027 ജനുവരിയോടെ ലഭ്യമാകേണ്ട വൈദ്യുതി: സിന്നാര്‍ കരാര്‍ നിലവില്‍ വന്നാല്‍ 2027 ജനുവരി മുതല്‍ വൈദ്യുതി ലഭിച്ചു തുടങ്ങുകയും മാര്‍ച്ച് മാസത്തോടെ പൂര്‍ണ്ണ തോതില്‍ 540 മെഗാവാട്ട് കേരളത്തിലേക്ക് എത്തുകയും ചെയ്യുമായിരുന്നു. വേനല്‍ക്കാലത്ത് കേരളം നേരിടുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് ഇത് ശാശ്വത പരിഹാരമായേനേ.

ഉയര്‍ന്ന നിരക്കിലെ വാങ്ങല്‍: യൂണിറ്റിന് 5.18 രൂപയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി കിട്ടാന്‍ വഴി തുറന്നിരിക്കെ, പീക്ക് അവറുകളില്‍ യൂണിറ്റിന് 8 മുതല്‍ 10 രൂപ വരെ നല്‍കി ഷോര്‍ട്ട് ടേം വിപണിയില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം.

വില നല്‍കേണ്ടി വരുന്നത് ഉപഭോക്താക്കള്‍

25 വര്‍ഷത്തെ ദീര്‍ഘകാല കരാറില്‍ ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി ലഭിച്ചാല്‍ കെ.എസ്.ഇ.ബിക്കും അതുവഴി സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കള്‍ക്കും വന്‍ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുക. എന്നാല്‍ കരാര്‍ ഒപ്പിടല്‍ അനാവശ്യമായി വൈകിയാല്‍ ഈ വൈദ്യുതി മറ്റ് സംസ്ഥാനങ്ങള്‍ സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്.

നേരത്തെ റദ്ദാക്കപ്പെട്ട ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ബോര്‍ഡ് ഇപ്പോഴും കരകയറിയിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കുറഞ്ഞ നിരക്കിലുള്ള കരാറുകള്‍ ഒഴിവാക്കി ബോര്‍ഡിനെയും ജനങ്ങളെയും കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിയിടുന്ന തരത്തിലുള്ള കെ.എസ്.ഇ.ബിയുടെ ഈ നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നത്.

Tags: KSEB News, Kerala Power Crisis, Sinnar Power Plant Maharashtra, KSERC Regulatory Commission, Electricity Price Kerala, Kerala News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക