തിരുവനന്തപുരം: സംസ്ഥാനത്ത് വൻ രാഷ്ട്രീയ-ഭരണതല പോരിലേക്ക് വഴിതുറന്ന ജി.എൻ.എ (GNA) വൈദ്യുതി വാങ്ങൽ നീക്കത്തിൽ നിന്ന് തൽക്കാലം സർക്കാർ പിന്മാറുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് പുതിയ കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത് അറിയിച്ചതോടെയാണ് വിവാദ കരാർ മരവിപ്പിക്കാൻ ഭരണകൂടത്തിന് വഴിതുറന്നത്.
|
എന്നാൽ, നിർണ്ണായകമായ ഈ തീരുമാനം താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണെന്ന് തുറന്നുപറഞ്ഞ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയതോടെ ഭരണപക്ഷത്ത് ഭിന്നത രൂക്ഷമായിരിക്കുകയാണ്.
“മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിൽ”; അതൃപ്തി പരസ്യമാക്കി മന്ത്രി
ജി.എൻ.എയിൽ നിന്നും വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അതിൽ തനിക്ക് പരാതിയില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെ.എസ്.ഇ.ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായതെന്ന് വാ വാർത്തകളിൽ നിന്നാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
“മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണ്. മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ആവശ്യാനുസരണം ഇടപെടാം. എന്നാൽ ബോർഡ് നൽകിയ റിപ്പോർട്ടുകളെ കുറിച്ച് കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല,” – വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
കൃത്രിമ ക്ഷാമ റിപ്പോർട്ടിൽ അന്വേഷണത്തിന് നിർദ്ദേശം
നവംബർ മുതൽ സംസ്ഥാനം കടുത്ത ഊർജ്ജ പ്രതിസന്ധിയിലാകുമെന്നും ഹിമാചൽ പ്രദേശ് അല്ലെങ്കിൽ ജി.എൻ.എ വഴി വൈദ്യുതി വാങ്ങണമെന്നും കാണിച്ച് കെ.എസ്.ഇ.ബി മുൻ ചെയർമാൻ എം.ജി. രാജമാണിക്യം നൽകിയ റിപ്പോർട്ട് സ സമ്മർദ്ദ തന്ത്രമാണെന്നാണ് സർക്കാരിന്റെ നിഗമനം. കൃത്രിമമായ അന്തരീക്ഷം സൃഷ്ടിച്ച് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ നീക്കം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
കെ.എസ്.ഇ.ബിയിലെ ആഭ്യന്തര ഫയലുകളും ഔദ്യോഗിക വിവരങ്ങളും മാധ്യമങ്ങൾക്ക് ചോർന്നു നൽകിയ സംഭവത്തിലും പ്രത്യേകം പരിശോധനയുണ്ടാകും.
സിന്നാർ കരാറിന് പച്ചക്കൊടി; ജനുവരി മുതൽ ആശ്വാസം
ജി.എൻ.എ വിവാദം കത്തിനിൽക്കവെ, വില കുറഞ്ഞ വൈദ്യുതി ലഭ്യമാകുന്ന മറ്റ് കരാറുകളിലേക്ക് വേഗത്തിൽ കടക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സിന്നാർ (Sinnar) താപവൈദ്യുത നിലയത്തിൽ നിന്ന് യൂണിറ്റിന് 5.18 രൂപ നിരക്കിൽ 540 മെഗാവാട്ട് ദീർഘകാലത്തേക്ക് വാങ്ങുന്നതിനായുള്ള എൻ.ടി.പി.സി കരാറിൽ ഉടൻ ഒപ്പുവെക്കും.
തുടർച്ചയായി ഉയർന്ന ആരോപണങ്ങളും ഭരണവിഭാഗത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും മൂലം കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ നയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടേറിയ രാഷ്ട്രീയ ചർച്ചയായി നിലനിൽക്കും.
Tags: KSEB News, GNA Power Deal, Sunny Joseph, VD Satheesan, Kerala Power Crisis, Politics News Malayalam, Kerala News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





