09
Nov 2026
Mon
09 Nov 2026 Mon
Nvidia CEO Jensen Huang Admits Affair With Suspected Chinese Spy Alice Huang

കലിഫോര്‍ണിയ: കൃത്രിമബുദ്ധി (AI) വിപ്ലവത്തിന്റെ ആഗോള നായകനും ലോകത്തെ ഏറ്റവും മൂല്യമുള്ള സാങ്കേതിക കമ്പനിയായ എന്‍വിഡിയയുടെ (Nvidia) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (CEO) ജെന്‍സന്‍ ഹുവാങ് വിവാഹേതര ബന്ധം തുറന്നുസമ്മതിച്ച് കുടുംബത്തോടും ജീവനക്കാരോടും മാപ്പപേക്ഷിച്ചു. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി (MSS) അടുത്ത ബന്ധമുള്ള വനിതയുമായാണ് പ്രണയമെന്ന വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കമ്പനിക്കായി അയച്ച വൈകാരികമായ സന്ദേശത്തില്‍ അദ്ദേഹം കുറ്റസമ്മതം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണ വരുത്താനും ദേശീയ സുരക്ഷാ ഭീഷണികള്‍ ഉണ്ടോ എന്ന് അറിയാനും എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു.

ആരാണ് ചാരക്കണ്ണിയെന്ന് സംശയിക്കുന്ന ആലിസ് ഹുവാങ്?

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഡാറ്റാ സെന്റര്‍, ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനിയായ ‘മെഗാസ്പീഡിന്റെ’ (Megaspeed) എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ആലിസ് ഹുവാങ് (ഹുവാങ് ലെ) എന്ന ചൈനീസ് വനിതയുമായാണ് ജെന്‍സന് അടുപ്പമുണ്ടായിരുന്നത്.

യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളായ എഫ്.ബി.ഐയും സി.ഐ.എയും നടത്തിയ നിരീക്ഷണത്തിലാണ് ആലിസ് ഹുവാങ് ചൈനയുടെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സിയായ ‘മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ’ (MSS) ആളാണെന്ന് കണ്ടെത്തിയത്. എന്‍വിഡിയയുടെ അത്യാധുനിക എ.ഐ ചിപ്പുകള്‍ ചൈനയിലേക്ക് കടത്താനും ജെന്‍സനില്‍ നിന്ന് കമ്പനിയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്താനും ഇവര്‍ ഈ ബന്ധം ഉപയോഗിച്ചതായാണ് ‘ന്യൂയോര്‍ക്ക് ടൈംസ്’ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുടുംബത്തോടും സഹപ്രവര്‍ത്തകരോടും വിങ്ങിപ്പൊട്ടി ജെന്‍സന്റെ മാപ്പപേക്ഷ

വലിയ വിവാദം ഉയരവേ കമ്പനി ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കും ഓഹരി ഉടമകള്‍ക്കുമായി അയച്ച കത്തില്‍ ജെന്‍സന്‍ ഹുവാങ് പൂര്‍ണ്ണമായ കുറ്റസമ്മതം നടത്തുകയും മാപ്പപേക്ഷിക്കുകയും ചെയ്തു:

‘എന്റെ കുടുംബത്തോടും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് ഭാര്യയോട് വിശ്വസ്തത പുലര്‍ത്താനായില്ല. എന്റെ പ്രവര്‍ത്തികള്‍ അവരെയും ഞങ്ങളുടെ മക്കളെയും വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല, അതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. ജീവിതത്തിലുടനീളം എന്റെ കുടുംബം എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അവര്‍ അര്‍ഹിക്കുന്നത് എന്റെ സത്യസന്ധതയും കൂറുമാണ്. എന്നാല്‍ ഞാന്‍ അവരെ നിരാശപ്പെടുത്തുകയും ഞങ്ങള്‍ ഒരുമിച്ചു പടുത്തുയര്‍ത്തിയ ജീവിതത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്തു. ചെയ്ത തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.’

‘എന്‍വിഡിയയെ നയിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. എന്നാല്‍ ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. വാര്‍ത്തകളില്‍ ഉയര്‍ന്നുവന്ന ദേശീയ സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് കമ്പനി ബോര്‍ഡ് പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണത്തോട് ഞാന്‍ പൂര്‍ണ്ണമായി സഹകരിക്കും. നമ്മുടെ രാജ്യത്തെയും കമ്പനിയെയും ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ തീരുമാനങ്ങള്‍ക്ക് കുടുംബത്തിന് യാതൊരു ഉത്തരവാദിത്തവുമില്ല. പ്രൈവസി മാനിക്കണമെന്ന് അപേക്ഷിക്കുന്നു.’

4.8 ബില്യണ്‍ ഡോളറിന്റെ എ.ഐ ചിപ്പ് ദുരൂഹത

അമേരിക്ക വിപണന വിലക്ക് ഏര്‍പ്പെടുത്തിയ ശക്തമായ എന്‍വിഡിയ പ്രൊസസറുകള്‍ ചൈനയിലേക്ക് അയക്കാന്‍ മെഗാസ്പീഡ് ഒരു ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നാണ് പ്രധാന ആരോപണം. 2024 ജൂണ്‍ മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 4.8 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 40,000 കോടി രൂപ) എന്‍വിഡിയ എ.ഐ ചിപ്പുകളാണ് മെഗാസ്പീഡും അനുബന്ധ കമ്പനികളും വാങ്ങിയിട്ടുള്ളത്.

ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിച്ച് ആലിബാബ പോലുള്ള ചൈനീസ് ടെക് ഭീമന്മാര്‍ക്ക് കമ്പ്യൂട്ടിങ് പവര്‍ വാടകയ്ക്ക് നല്‍കുക വഴിയാണ് ഉപരോധം മറികടന്നത്.

അന്വേഷണം പ്രഖ്യാപിച്ച് ബോര്‍ഡ്; വൈറ്റ് ഹൗസ് നിരീക്ഷിക്കുന്നു

ജെന്‍സന്റെ തുറന്നുപറച്ചിലിന് പിന്നാലെ ഞായറാഴ്ച തന്നെ എന്‍വിഡിയ ബോര്‍ഡ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചു. തങ്ങളുടെ ബിസിനസ് രഹസ്യങ്ങളെയോ ദേശീയ സുരക്ഷയെയോ ബാധിക്കുന്ന ഒന്നും ചോര്‍ന്നിട്ടില്ലെന്നാണ് എന്‍വിഡിയയുടെ പ്രാഥമിക അവകാശവാദം. അതേസമയം, സംഭവത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് കമ്പനിയുടെ ആഭ്യന്തര കാര്യമാണെന്നും തല്‍ക്കാലം പരസ്യപ്രതികരണത്തിനില്ലെന്നുമാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയത്.

ആഗോള എ.ഐ ചിപ്പ് വിപണിയുടെ 80 ശതമാനവും കൈയാളുന്ന എന്‍വിഡിയ തലപ്പത്തെ ഈ വിവാദം ഓഹരി വിപണിയിലും അന്താരാഷ്ട്ര നയതന്ത്ര തലത്തിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Tags: Jensen Huang, Nvidia, Alice Huang, Megaspeed, Chinese Spy Scandal, Tech News Malayalam, Business News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക