10
Nov 2026
Tue
10 Nov 2026 Tue
B Gopalakrishnan Deletes Facebook Post Against Mammootty After House Visit

തൃശൂർ: മഹാനടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്കെതിരെ പോസ്റ്റ് ചെയ്ത വർഗീയ ചുവയുള്ള ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. തൃശൂരിലെ ബി. ഗോപാലകൃഷ്ണന്റെ വസതിയിൽ മമ്മൂട്ടി സൗഹൃദ സന്ദർശനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോസ്റ്റ് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ “ഞാൻ അങ്ങനെയൊരു പോസ്റ്റ് ഇട്ടിട്ടില്ല” എന്ന് ബി. ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നെങ്കിലും, സോഷ്യൽ മീഡിയയിൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ വൻതോതിൽ പ്രചരിച്ചതോടെയാണ് നീക്കം ചെയ്തത്.

വിവാദമായ പഴയ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ 2025 നവംബർ 4-നാണ് ബി. ഗോപാലകൃഷ്ണൻ വിവാദമായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. അവാർഡ് നേടിയവരിൽ മുസ്ലിം നാമധാരികളുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്:

“ബിസ്മയം… ബിസ്മയം… മികച്ച നടി ഷംല ഹംസ… മികച്ച നടൻ മമ്മൂട്ടി… പ്രത്യേക ജൂറി പരാമർശം ആസിഫ് അലി. മികച്ച സ്വഭാവ നടൻ സൗബിൻ ഷാഹിർ… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്… ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ” – എന്നായിരുന്നു ആ കുറിപ്പ്.

ഈ പോസ്റ്റിനെതിരെ അന്ന് തന്നെ സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

മമ്മൂട്ടിയുടെ തൃശൂർ സന്ദർശനവും പുതിയ സംഭവവികാസങ്ങളും

തൃശൂരിലെത്തിയ മമ്മൂട്ടി ബി. ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ച് സൗഹൃദം പുതുക്കിയിരുന്നു. മമ്മൂട്ടിയുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും, മുൻപ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ താൻ പിന്തുണച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദർശനത്തിന് ശേഷം ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ സന്ദർശനത്തിന് തൊട്ടുപിന്നാലെ, ഗോപാലകൃഷ്ണന്റെ പഴയ അധിക്ഷേപ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളുകളായും വിമർശനങ്ങളായും നിരന്നു. ഇത് പ്രതിരോധത്തിലാക്കിയതോടെയാണ് ഒടുവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ അദ്ദേഹം നിർബന്ധിതനായത്.

അതേസമയം, പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതേ ദിവസം തന്നെ റാപ്പർ വേടനെതിരെ ഗോപാലകൃഷ്ണൻ ഇട്ട വിദ്വേഷ പോസ്റ്റ് ഇപ്പോഴും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. ബിജെപി നേതാവിന്റെ ഈ ഇരട്ടത്താപ്പിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം തുടരുകയാണ്.

Tags: Mammootty, B Gopalakrishnan, BJP Kerala, Facebook Controversy, Malayalam News, Kerala Politics, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക