തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വ്യാപാരകേന്ദ്രമായ ചാലയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ദുരൂഹതകള്‍ നീങ്ങുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ ബിസിനസ് ശത്രുതയും മുന്‍കൂട്ടി തയ്യാറാക്കിയ കൃത്യമായ ആസൂത്രണവുമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
|
സംഭവവുമായി ബന്ധപ്പെട്ട് മാളവിക ജ്വല്ലറി ഉടമ ജയറാം, മഹാരാഷ്ട്ര സ്വദേശിയായ അമുല്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലയില്‍ വൈഷ്ണവി ജ്വല്ലറി നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിനെ ബിസിനസ്സില്‍ തകര്‍ക്കാനും അദ്ദേഹത്തിന്റെ പക്കലുള്ള സ്വര്‍ണം തട്ടിയെടുക്കാനുമായി മഹാരാഷ്ട്ര സ്വദേശിയായ അമുല്‍ ആണ് പദ്ധതി ആസൂത്രണം ചെയ്തത്.
സ്വര്‍ണം നഷ്ടപ്പെട്ട വൈഷ്ണവി ജ്വല്ലറിയുടെ എതിര്‍വശത്തുള്ള മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയറാം തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നതായി നന്ദകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യപ്രതി അമുലുമായി ജയറാമിന് അടുത്ത ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
കവര്‍ച്ച നടക്കുന്ന ദിവസം രാവിലെ നന്ദകുമാറുമായി അമുല്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ ഇടപാട് നടത്തിയിരുന്നു. തുടര്‍ന്ന് നന്ദകുമാര്‍ കട പൂട്ടി രാത്രി പുറത്തിറങ്ങുന്ന കൃത്യമായ സമയം വയനാട്ടിലേക്ക് ഓടിരക്ഷപ്പെട്ട പ്രതിയായ സ്രാവണ് അടക്കമുള്ളവര്‍ മോഷ്ടാക്കള്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു.
രേഖകളില്ലാത്ത സ്വര്‍ണം ലക്ഷ്യമിട്ടു
നന്ദകുമാര്‍ കൈവശം വെച്ചിരുന്നതും ശുദ്ധീകരണത്തിനായി മറ്റ് കടക്കാര് ഏല്‍പ്പിച്ചിരുന്നതുമായ സ്വര്‍ണത്തില്‍ ഭൂരിഭാഗവും രേഖകളില്ലാത്തതായതിനാല് പരാതിപ്പെടാന്‍ മടക്കിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
വ്യാഴാഴ്ച രാത്രി 10.30-ഓടെ ചാല മാര്‍ക്കറ്റിലെ വൈഷ്ണവി ജ്വല്ലറി അടച്ച് വലിയശാലയിലെ വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന നന്ദകുമാറിനെ മരക്കടയ്ക്ക് സമീപം വെച്ച് ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. നാലോ അഞ്ചോ ജ്വല്ലറികളില്‍ നിന്ന് ശുദ്ധീകരണത്തിനായി ശേഖരിച്ച വലിയൊരു അളവ് സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ സിസിടിവി പരിശോധനയിലും ശാസ്ത്രീയ അന്വേഷണത്തിലുമാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
പ്രതികള്‍ സഞ്ചരിച്ച ഹോണ്ട സി.ബി. 350 ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വയനാട്ടിലേക്കും തമിഴ്നാട് അതിര്‍ത്തികളിലേക്കും നീളുകയായിരുന്നു. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തു നിന്നുമായി പിടയിലായ പ്രതികളില്‍ നിന്ന് ഇതിനോടകം തന്നെ നൂറുകണക്കിന് ഗ്രാം സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.
മൊഴികളില്‍ വൈരുധ്യം
എന്നാല്‍ നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ അളവ് സംബന്ധിച്ച് ജ്വല്ലറി ഉടമ നല്കിയ മൊഴികളിലെ പരസ്പരവിരുദ്ധമായ കാര്യങ്ങളും, ബൈക്കില്‍ നിന്ന് ബാഗ് വലിച്ചെടുത്തിട്ടും സ്കൂട്ടറില്‍ നിന്ന് വ്യാപാരി താഴെ വീഴാതിരുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് ഗൗരവത്തോടെ പരിശോധിക്കുന്നുണ്ട്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.
Tags: Chalai Gold Robbery, Thiruvananthapuram Crime News, Malika Jewellers Chalai, Kerala Police Investigation, Gold Heist Kerala, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





